Tuesday, January 19, 2010

പുനര്‍ജ്ജന്മം

തറവാട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം പേടിയുള്ള സ്ഥലമായിരുന്നു പിന്‍വശത്ത് അല്‍പ്പം മാറിയുള്ള കിണര്‍. അന്ന് ആ കിണറിനു അരമതില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പിള്ളേര്‍ക്ക് കിണറിനുസമീപത്തേക്ക് പോകാന്‍ കര്‍ശനവിലക്കുണ്ടായിരുന്ന സമയമാണ്. കിണറിനപ്പുറത്താണെങ്കില്‍ ധാരാളം കൊങ്ങിണിപ്പൂക്കള്‍ തിങ്ങിനിറഞ്ഞു വളര്‍ന്നിരുന്നു. പൂക്കള്‍ പറിക്കാനുള്ള ആഗ്രഹം കണിശമാണെങ്കിലും, അമ്മമാരുടെ വകയായുള്ള തല്ലുപേടിച്ചു ഞങ്ങളാരും ആ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

വീട്ടാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത് ഈ കിണറ്റില്‍ നിന്നായിരുന്നു. അന്നെല്ലാം ഒരു പ്രത്യേകരീതിയിലായിരുന്നു വെള്ളം കോരിയിരുന്നത്. കിണറിനുകുറുകെ കാല്‍ ചവിട്ടാന്‍ പാകത്തില്‍ ഒരു തടിക്കഷണം ഇട്ടിരുന്നു. അതില്‍ ഒരു കാല്‍ ചവിട്ടിനിന്നു ചെറിയകുടത്തില്‍ കയര്‍ക്കുടുക്കിട്ട് വെള്ളം കോരിയെടുത്തു വലിയകുടങ്ങള്‍ നിറയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. കിണര്‍ എന്നാല്‍ അതു ഒരു ഒന്നൊന്നര കിണര്‍ തന്നെയായിരുന്നു. ആ കിണര്‍ ഇതുവരെയും പൂര്‍ണ്ണമായി വറ്റിക്കണ്ടിട്ടില്ല, മാത്രമല്ല പണ്ടുകാലത്ത് നിര്‍മ്മിച്ച കിണറായതുകൊണ്ട് സാധാരണ കിണറുകളെക്കാള്‍ വട്ടവും ആഴവും ആ കിണറിനുണ്ടായിരുന്നു.

മേമയുടെ കല്യാണത്തലേദിവസം. എനിക്കന്നു മൂന്നുവയസ്സിനടുത്തു പ്രായം. കല്ല്യാണതിരക്ക് പ്രമാണിച്ച് എന്‍റെ അമ്മയും, വല്യമ്മ-ചെറിയമ്മമാരുമെല്ലാം വെള്ളം കോരുന്ന തിരക്കിലാണ്. കൈമാറി കൈമാറിയാണ് വെള്ളം കോരല്‍ നടക്കുന്നത്. അമ്മയാണ് വെള്ളം കോരിനിറച്ചുകൊണ്ടിരുന്നത്. ഞാനാണെങ്കില്‍ അമ്മയെച്ചുറ്റിപ്പറ്റിയാണ് നടക്കുന്നത് തന്നെ. അന്നുമിന്നും അമ്മയെക്കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഇതിനെചോല്ലി എല്ലാവരും എന്നെ കളിയാക്കിയിരുന്നു. എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിനടക്കുന്ന എന്നെ അമ്മയുടെ കൂടെയല്ലാതെ കാണാന്‍ വിഷമമായിരുന്നു. അതുകൊണ്ടാണ് കിണറിനടുത്തു നില്‍ക്കുന്നത് തന്നെ.

ആ സമയത്താണ് ഒരു കാരണവര്‍ അതുവഴി വന്നത്. അമ്മയോട് സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം എന്നെ കലുപ്പിച്ചു നോക്കിയിട്ട് അമ്മയോട് പറഞ്ഞു. "സുമ്വോ, ഈ ചെക്കനെ കിണറ്റിനടുത്തൂന്നു മാറ്റി നിര്‍ത്തണണ്ടോ നീയ്യ്? വല്ലതും പറ്റിയിട്ടു പിന്നെ... ങ്ഹാ." കാര്‍ന്നോര്‍ അത്രയും പറഞ്ഞുനിര്‍ത്തി. എന്നിട്ട് എന്നെ ഒന്നുകൂടി കലുപ്പിച്ചു നോക്കിയശേഷം തോളിലെ തോര്‍ത്തെടുത്ത് ഒന്ന് കുടഞ്ഞു തല്‍സ്ഥാനത്ത് നിക്ഷേപിച്ച് തന്റെ യാത്ര തുടര്‍ന്നു.

അതുകേട്ടപ്പോള്‍ അമ്മ എന്നോടു പറഞ്ഞു. "നിന്നോടെത്ര നേരായി ഞാന്‍ പറഞ്ഞോണ്ടിരിക്കുണു, വഴക്ക് കേക്കണതു മുഴുവന്‍ എനിക്കാ, കുട്ടികളായാല്‍ പറഞ്ഞാല്‍ കേള്‍ക്കണം, കിണറിനടുത്തുവരാതെ അപ്പുറത്ത് പോയി കളിക്ക് കുട്ടാ, അമ്മ വെള്ളം കോരിക്കഴിഞ്ഞു വരാം."
 
ഞാനാണെങ്കില്‍ അതൊന്നും കേട്ടഭാവം നടിക്കാതെ നിറച്ച കുടത്തില്‍ കയ്യിട്ടു വെള്ളം തെറിപ്പിച്ചു കളിക്കുകയായിരുന്നു. പറഞ്ഞത് കേള്‍ക്കാഞ്ഞതും പോരാഞ്ഞു ഇതുംകൂടി കണ്ടപ്പോള്‍ അമ്മക്ക് ദേഷ്യം വന്നു. "വെള്ളത്തില്‍ കളിച്ചു ഈ ഉടുപ്പൊക്കെ നനച്ചാല്‍ നല്ല പെട വെച്ചുതരും ഞാന്‍, പറഞ്ഞില്ലാന്നു വേണ്ട. പോ, അപ്പുറത്ത് പോയി കളിക്ക് ... ഊം .." നനഞ്ഞ കൈ കൊണ്ട് അടികിട്ടിയാല്‍ നല്ല സുഖമുണ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ കുടത്തില്‍ നിന്നും കൈ പിന്‍വലിച്ചു. എന്നിട്ട് മനസ്സില്ലാമനസ്സോടെ അവിടെ നിന്നും പതുക്കെ നീങ്ങി. കിണറ്റിങ്കരയില്‍ നിന്നും ഞാന്‍ മാറിയെന്നു ഉറപ്പുവരുത്തിയശേഷം അമ്മ കുടം രണ്ടും നിറച്ചുകഴിഞ്ഞ് അതുമായി നടന്നു നീങ്ങി.

ഞാനിനി അടുത്ത പരിപാടിയെന്തെന്നു ആലോചിച്ചുനില്‍ക്കുമ്പോഴാണ് കിണറിനപ്പുറത്ത് കൊങ്ങിണിക്കൂട്ടത്തില്‍ ഒരു തുമ്പി വന്നിരുന്നത് കണ്ടത്. പിന്നൊന്നും ആലോചിച്ചില്ല. തുമ്പിയെപ്പിടിക്കുവാനായി പമ്മിപ്പമ്മി ചെന്നു. ശ്രദ്ധയെല്ലാം തുമ്പിയുടെ ചലനത്തില്‍ കേന്ദ്രീകരിച്ചിരുന്നതിനാല്‍ താഴേക്കുനോക്കിയതേയില്ല. വെള്ളംകോരുന്നതിന്റെ ഫലമായി കിണറിന്റെ വശങ്ങളിലെല്ലാം നനവുണ്ടായിരുന്നതിനാല്‍ കിണറിന്റെ വക്കില്‍ ചവിട്ടിയതും കാല്‍ തെന്നിയതും ഒരുമിച്ചായിരുന്നു. "അമ്മേ"ന്നു വിളിച്ചുകൊണ്ട് ഞാന്‍ കിണറ്റില്‍ വീണു. വീണ ആക്കത്തില്‍ ആഴത്തില്‍ മുങ്ങിപ്പോയി. നിലവിളിച്ചു. വെള്ളത്തില്‍ നിലവിളിച്ചിട്ടെന്തു കാര്യം. പിന്നെ പൊങ്ങി. വെള്ളത്തില്‍ കൈകാലിട്ടടിച്ചു. മൂക്കിലും വായിലും വെള്ളം കയറി. ശ്വാസം മുട്ടി. പിന്നെയും മുങ്ങി. കണ്ണെല്ലാം തുറിച്ചു. വെള്ളത്തിനപ്പോള്‍ കൊല്ലുന്ന തണുപ്പായിരുന്നു. വെള്ളം കൊണ്ടുപോവുകയായിരുന്ന അമ്മ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു. കൊണ്ടുപോയ കുടം അവിടെയിട്ടു അമ്മ കിണറ്റിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച മകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതായിരുന്നു. "അയ്യോ, എന്‍റെ കുട്ടീ" എന്ന് നിലവിളിച്ചുകൊണ്ട് അമ്മയും കിണറ്റിലേക്കെടുത്തുചാടി. നീന്തലറിയാമായിരുന്ന അമ്മ മുങ്ങിപ്പോകാനിരുന്ന എന്നെ പൊക്കിപ്പിടിച്ചുകൊണ്ട് കിണറിന്റെ വശത്തേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോഴേക്കും വീട്ടുകാരും അയല്‍ക്കാരുമെല്ലാം ഓടിക്കൂടിയിരുന്നു. ആളുകള്‍ കയറെടുക്കാനോടുന്നു. കസേര കൊണ്ടുവരുന്നു. വെപ്രാളം കാരണം അമ്മയുടെ ബോധം മറഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴും എന്നെ സുരക്ഷിതസ്ഥാനത്ത് അമ്മ ചേര്‍ത്ത് നിര്‍ത്തിയിരുന്നു.

ഒരുവിധത്തില്‍ ഞങ്ങള്‍ രണ്ടുപേരെയും നാട്ടുകാര്‍ പുറത്തെടുത്തു. വയറില്‍ അമര്‍ത്തിയും, തലകീഴായി തൂക്കിപ്പിടിച്ചുമുള്ള കുറെ പ്രയോഗങ്ങള്‍ക്കു ശേഷമാണ് എന്‍റെ ബോധം തെളിഞ്ഞത്. ഈ സമയമത്രയും വീട്ടില്‍ കരച്ചിലും നിലവിളിയുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ, അങ്ങിനെ ഈ സംഭവം കാരണം കല്യാണവീടിനു ഒരു മരണവീടിന്റെ പ്രതീതിയുണ്ടായി. പാവം അമ്മയാണെങ്കില്‍ എന്നെ വിട്ടുമാറാതെ അടുത്തുതന്നെ ഇരിപ്പാണ്. അന്ന് വൈകുന്നേരമായപ്പോഴേക്കും എനിക്ക് പനിച്ചു തുടങ്ങി. പനിയെന്നു പറഞ്ഞാല്‍ പൊള്ളുന്ന പനി. അച്ഛന്‍ എന്നെയുമെടുത്തുകൊണ്ട് ഡോക്ടറുടെ അടുത്തേക്കോടി. പേടിക്കാനൊന്നുമില്ലെന്നും, കിണറിന്റെ ആഴമൊക്കെ അളന്നുവന്നതുകൊണ്ട് കുട്ടി പേടിച്ചതാണെന്നും, നീര് കെട്ടിയിട്ടുണ്ടെന്നും, രണ്ടുമൂന്നു ദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു കുറെ മരുന്നും എഴുതിക്കൊടുത്തു ഡോക്ടര്‍ ഞങ്ങളെ പറഞ്ഞുവിട്ടു. ഡോക്ടര്‍ പറഞ്ഞതുപോലെത്തന്നെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്‍റെ ക്ഷീണമെല്ലാം മാറി.
 
എന്തായാലും അന്നത്തെ സംഭവത്തോടെ കിണറിനോടുള്ള എന്‍റെ പേടി നിശ്ശേഷം മാറി. അതിനുശേഷം എത്രയോതവണ വീട്ടിലെയും മറ്റും കിണറുകളില്‍ പൊട്ടിയ കുടങ്ങളും, പന്തുകളും മറ്റും എടുക്കുവാനായി ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും തറവാട്ടിലേക്ക് പോകുമ്പോള്‍ പഴയ ആളുകളെല്ലാം "ആഹാ, സുമൂന്റെ മോനാ? പണ്ട് ആ കിണറ്റില്‍ വീണ കുട്ടിയല്ലേ?" എന്ന് ചോദിക്കാറുമുണ്ട്. അമ്മയ്ക്ക് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സംഭവം ഓര്‍ക്കുമ്പോള്‍ എന്തോ, ഒരു നടുക്കമാണ്.

അല്ലെങ്കില്‍ത്തന്നെ സ്വന്തം അമ്മയോടുള്ള കടപ്പാട് നമുക്കൊരിക്കലും തീര്‍ക്കാന്‍ കഴിയുന്നതല്ലല്ലോ, അങ്ങിനെയിരിക്കെ ഇളംപ്രായത്തില്‍ തന്നെ മരണക്കയത്തിലേക്ക് മുങ്ങിപ്പോകുമായിരുന്ന എനിക്ക് സ്വന്തം ജീവന്‍ പണയം വച്ച് വീണ്ടുമൊരു ജന്മം കൂടിതന്ന എന്‍റെ അമ്മയോടുള്ള കടപ്പാട് ഞാന്‍ എങ്ങിനെയാണ് വീട്ടേണ്ടത്‌? സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...

Saturday, January 2, 2010

മടക്കയാത്ര

ഞാന്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് എയര്‍പോര്‍ട്ടിനു പുറത്തേക്കു ട്രോളിയില്‍ കയറ്റിയ ബാഗുമായി വന്നു. ചെറിയ ലഗേജ് ആയതുകൊണ്ടാവാം ആരുംതന്നെ സഹായത്തിനു വന്നില്ല. ആകെയുള്ളത് ഒരു കമ്പിളിയും പെട്ടിയിലെന്തോ ചെറിയ സാധനങ്ങളും. എല്ലാം റൂംമേറ്റ്‌ ഷാഫിയുടെ വകയാണ്. 'സമ്പാദ്യമല്ലാത്ത സമ്പാദ്യം'. കമ്പിളി എത്രയോ നേരത്തെ വാങ്ങിയതാണ്. മിനുമോള്‍ക്ക് വേണ്ടി. മിനുവിന്റെ അതെ പ്രായത്തില്‍ അവനുമുണ്ടൊരു മോള്‍. പോരാത്തതിനു വയ്യാത്ത കുട്ടിയാണെന്നുള്ള സഹതാപവും.

ഞാന്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വിളിച്ചു. ചുറ്റും നോക്കിയപ്പോള്‍ വരവേല്‍ക്കാന്‍ വന്നവരുടെയും യാത്രയയക്കാന്‍ വന്നവരുടെയും തിക്കും തിരക്കും. ജീവിതത്തിലെ കാത്തിരിപ്പുകള്‍ക്കും സുഖദുഃഖങ്ങള്‍ക്കുമിടയിലുള്ള അസുലഭനിമിഷങ്ങള്‍. സന്തോഷവും സന്താപവും കലര്‍ന്ന പ്രകടനങ്ങള്‍. നിധിയെടുക്കാന്‍ ആഴക്കടലിലേക്ക് പോയ മുക്കുവന്മാരുടെ കഥ പോലെയാണ് പ്രവാസികളുടെ ജീവിതം. അതിനിടയില്‍ വീണുകിട്ടുന്ന അവസരമാണ് ഒന്നോ രണ്ടോ മാസത്തെ ലീവ്. ഷാഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പരോള്‍'.

ലഗേജ് കാറിന്റെ ഡിക്കിയില്‍ കയറ്റുമ്പോള്‍ ഡ്രൈവര്‍ ചോദിച്ചു. "സാറിനെ കൊണ്ടുപോകാന്‍ ആരും വന്നില്ലേ?"

"ഇല്ല! ഞാന്‍ വീട്ടിലറിയിച്ചില്ല, ഭാര്യയും മകളുമാണ് വീട്ടിലുള്ളത്." അതു പറഞ്ഞു ഞാന്‍ ഒരു സിഗരറ്റെടുത്ത് കത്തിച്ചുവലിച്ചു. പെട്ടെന്ന് ഞാന്‍ ചുമച്ചു. ചുമകേട്ടപ്പോള്‍  ഡ്രൈവര്‍ തിരിഞ്ഞുനോക്കി. എന്നിട്ട് അയാള്‍ ചോദിച്ചു. "സാറെന്താ കുട്ടികളെപ്പോലെ, സിഗരറ്റ് ആദ്യം വലിക്കുകയാണോ? കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു."
"കാലാവസ്ഥയുടെ മാറ്റം കൊണ്ടാവാം" ഞാന്‍ പറഞ്ഞു.

റോഡ്‌ ചെന്നെത്തുന്നത് 'ശോകനാശിനി'പ്പുഴയുടെ തീരത്താണ്. അവിടെ ഭൂതകാലസ്മൃതികളുണര്‍ത്തുന്ന ഒരു സ്മാരകം പോലെ പഴയ ശിവക്ഷേത്രം. ആ പുഴയില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയായിരുന്നു. വേനലില്‍ പുഴ വറ്റിവരണ്ടു കിടക്കും. എന്നാലും എന്നും വൈകുന്നേരം ഞാനും മിനുമോളും അവിടെ ചെന്നിരിക്കും. ഒരു വിശ്രമകേന്ദ്രമാണവിടെ. രാത്രിയില്‍ അമ്പലത്തിന്റെ പ്രകാശത്തില്‍ ഞാനും മോളും കഥകള്‍ പറഞ്ഞിരിക്കും. കോമാളികളുടെയും യുദ്ധത്തില്‍ ജയിച്ച രാജാക്കന്മാരുടെയും കഥകളാണവള്‍ക്കിഷ്ടം. ഒരു ദിവസം കഥകള്‍ പറഞ്ഞിരുന്നപ്പോള്‍ ഏന്തിമലര്‍ന്നു അവള്‍ പുറകിലേക്ക് വീണു. പിന്നെ പലപ്രാവശ്യം അതു ആവര്‍ത്തിച്ചു. ഒരുപാട് പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. അവളുടെ ഹൃദയവാല്‍വിന് ഒരു ദ്വാരമുണ്ട് എന്ന്! ഒരുപാട് പരിശോധനകളും, നേര്‍ച്ചകളും, വഴിപാടുകളും, യാത്രകളും ഒക്കെ നടത്തി. പക്ഷെ, ഒരു കുറവുമുണ്ടായില്ല. മാനസികമായും, സാമ്പത്തികമായും ഞങ്ങള്‍ തകര്‍ന്നു പോയി. അവിടെ നിന്നാണ് ഈ അഞ്ചുവര്‍ഷത്തെ പ്രവാസജീവിതം ആരംഭിച്ചത്. തികച്ചും ശൂന്യതയായിരുന്നു മുന്നില്‍. കഴിഞ്ഞുപോകുന്ന ഓരോ കൊല്ലവും അവളെക്കുറിച്ചുമാത്രം ചിന്തിച്ചു. വളര്‍ന്നുവരുന്ന അവളുടെ മുഖങ്ങള്‍ വെള്ളക്കടലാസ്സില്‍ ഞാന്‍ വരച്ചു വയ്ക്കും. അതൊക്കെ നാട്ടില്‍ പോകുമ്പോള്‍ അവളെ കാണിക്കാനായി സൂക്ഷിച്ച് വച്ചു. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. അവള്‍ക്കു ഒന്‍പതുവയസ്സാകുമ്പോള്‍ ഒരു ഓപ്പറേഷന്‍ വേണമെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. അതു ഇന്നലെയായിരുന്നു.

കാര്‍ പുഴക്കടവിനടുത്തു വന്നുനിന്നു. അപ്പോഴേക്കും ഇരുട്ടായിത്തുടങ്ങിയിരിക്കുന്നു. അമ്പലത്തിന്റെ മുന്നില്‍ എന്‍റെ വരവും കാത്തിരുന്നവരുടെ മുഖങ്ങള്‍ വ്യക്തമായിരുന്നു. കുറച്ചുനേരത്തെ പരിചയമേയുള്ളൂ എങ്കിലും ഡ്രൈവറും എന്‍റെ കൂടെ ബാഗുമെടുത്തുവന്നു.

വീടിന്റെ അടുത്ത് എത്തും തോറും കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം കൂടിക്കൂടി വന്നു. ഒപ്പം അവ്യക്തമായ രാമായണപാരായണവും. വീടിന്റെ അടുത്തേക്ക് നടക്കും തോറും തളര്‍ച്ച കൂടിക്കൂടി വന്നു. അകത്തേക്ക് കയറുമ്പോള്‍ മനസ്സിനെ താങ്ങാനാവാതെ ശരീരം വിറച്ചു.

തിരിച്ചറിയാനോ മിണ്ടാനോ കഴിയാതെ മിനുമോള്‍ ഉറങ്ങുകയാണ്. അവള്‍ക്കു വേണ്ടി ഞാന്‍ വരച്ച ചിത്രങ്ങളിലെ പോലുള്ള മുഖം. "അച്ഛന്‍ നന്നായി പ്രാര്‍ത്ഥിച്ചോണേ, മിനുമോള്‍ക്ക് ഒന്നും വരില്ല, അച്ഛനെക്കാണാന്‍ മിനുമോള്‍ക്ക് കൊതിയായി. അച്ഛന്‍ എന്നാ വരിക" ഇതാണ് അവസാനമായി വിളിച്ചപ്പോള്‍ അവള്‍ ചോദിച്ചത്. എത്ര വഴിപാടുകള്‍ നടത്തി. എത്ര ദൈവങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ കൈകൂപ്പി. എന്നിട്ടും..

മനസ്സിലേക്ക് ആഞ്ഞുകയറുന്നവയായിരുന്നു ഭാര്യയുടെ വാക്കുകള്‍. "അവള്‍ പോയി". പ്രാണനുവേണ്ടി പിടയുന്ന ഒരാളുടെ അവസ്ഥയായിരുന്നു അപ്പോള്‍. ഞാന്‍ കൊണ്ടുവന്ന കമ്പിളി പുതപ്പെടുത്തു അവളെ പുതപ്പിച്ചു. നേരം വെളുക്കുവോളം അവളുടെ മണം അതില്‍ പതിയാന്‍ വേണ്ടി...

മിനുമോളുടെ കത്തിയമരുന്ന ചിതക്കരുകില്‍ കഴിഞ്ഞ് പോയ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ ഇരുന്നു. ഒന്നുമറിയാതെ മറ്റൊരു ലോകത്തേക്ക് അവള്‍ യാത്ര തിരിച്ചിരിക്കുന്നു. മോഹങ്ങളും സ്വപ്നങ്ങളും ഒന്നുമില്ലാത്ത ഒരിടത്തേക്ക് ഒരു 'മടക്കയാത്ര'.