Showing posts with label ബാല്യം. Show all posts
Showing posts with label ബാല്യം. Show all posts

Tuesday, January 19, 2010

പുനര്‍ജ്ജന്മം

തറവാട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം പേടിയുള്ള സ്ഥലമായിരുന്നു പിന്‍വശത്ത് അല്‍പ്പം മാറിയുള്ള കിണര്‍. അന്ന് ആ കിണറിനു അരമതില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പിള്ളേര്‍ക്ക് കിണറിനുസമീപത്തേക്ക് പോകാന്‍ കര്‍ശനവിലക്കുണ്ടായിരുന്ന സമയമാണ്. കിണറിനപ്പുറത്താണെങ്കില്‍ ധാരാളം കൊങ്ങിണിപ്പൂക്കള്‍ തിങ്ങിനിറഞ്ഞു വളര്‍ന്നിരുന്നു. പൂക്കള്‍ പറിക്കാനുള്ള ആഗ്രഹം കണിശമാണെങ്കിലും, അമ്മമാരുടെ വകയായുള്ള തല്ലുപേടിച്ചു ഞങ്ങളാരും ആ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

വീട്ടാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത് ഈ കിണറ്റില്‍ നിന്നായിരുന്നു. അന്നെല്ലാം ഒരു പ്രത്യേകരീതിയിലായിരുന്നു വെള്ളം കോരിയിരുന്നത്. കിണറിനുകുറുകെ കാല്‍ ചവിട്ടാന്‍ പാകത്തില്‍ ഒരു തടിക്കഷണം ഇട്ടിരുന്നു. അതില്‍ ഒരു കാല്‍ ചവിട്ടിനിന്നു ചെറിയകുടത്തില്‍ കയര്‍ക്കുടുക്കിട്ട് വെള്ളം കോരിയെടുത്തു വലിയകുടങ്ങള്‍ നിറയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. കിണര്‍ എന്നാല്‍ അതു ഒരു ഒന്നൊന്നര കിണര്‍ തന്നെയായിരുന്നു. ആ കിണര്‍ ഇതുവരെയും പൂര്‍ണ്ണമായി വറ്റിക്കണ്ടിട്ടില്ല, മാത്രമല്ല പണ്ടുകാലത്ത് നിര്‍മ്മിച്ച കിണറായതുകൊണ്ട് സാധാരണ കിണറുകളെക്കാള്‍ വട്ടവും ആഴവും ആ കിണറിനുണ്ടായിരുന്നു.

മേമയുടെ കല്യാണത്തലേദിവസം. എനിക്കന്നു മൂന്നുവയസ്സിനടുത്തു പ്രായം. കല്ല്യാണതിരക്ക് പ്രമാണിച്ച് എന്‍റെ അമ്മയും, വല്യമ്മ-ചെറിയമ്മമാരുമെല്ലാം വെള്ളം കോരുന്ന തിരക്കിലാണ്. കൈമാറി കൈമാറിയാണ് വെള്ളം കോരല്‍ നടക്കുന്നത്. അമ്മയാണ് വെള്ളം കോരിനിറച്ചുകൊണ്ടിരുന്നത്. ഞാനാണെങ്കില്‍ അമ്മയെച്ചുറ്റിപ്പറ്റിയാണ് നടക്കുന്നത് തന്നെ. അന്നുമിന്നും അമ്മയെക്കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഇതിനെചോല്ലി എല്ലാവരും എന്നെ കളിയാക്കിയിരുന്നു. എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിനടക്കുന്ന എന്നെ അമ്മയുടെ കൂടെയല്ലാതെ കാണാന്‍ വിഷമമായിരുന്നു. അതുകൊണ്ടാണ് കിണറിനടുത്തു നില്‍ക്കുന്നത് തന്നെ.

ആ സമയത്താണ് ഒരു കാരണവര്‍ അതുവഴി വന്നത്. അമ്മയോട് സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം എന്നെ കലുപ്പിച്ചു നോക്കിയിട്ട് അമ്മയോട് പറഞ്ഞു. "സുമ്വോ, ഈ ചെക്കനെ കിണറ്റിനടുത്തൂന്നു മാറ്റി നിര്‍ത്തണണ്ടോ നീയ്യ്? വല്ലതും പറ്റിയിട്ടു പിന്നെ... ങ്ഹാ." കാര്‍ന്നോര്‍ അത്രയും പറഞ്ഞുനിര്‍ത്തി. എന്നിട്ട് എന്നെ ഒന്നുകൂടി കലുപ്പിച്ചു നോക്കിയശേഷം തോളിലെ തോര്‍ത്തെടുത്ത് ഒന്ന് കുടഞ്ഞു തല്‍സ്ഥാനത്ത് നിക്ഷേപിച്ച് തന്റെ യാത്ര തുടര്‍ന്നു.

അതുകേട്ടപ്പോള്‍ അമ്മ എന്നോടു പറഞ്ഞു. "നിന്നോടെത്ര നേരായി ഞാന്‍ പറഞ്ഞോണ്ടിരിക്കുണു, വഴക്ക് കേക്കണതു മുഴുവന്‍ എനിക്കാ, കുട്ടികളായാല്‍ പറഞ്ഞാല്‍ കേള്‍ക്കണം, കിണറിനടുത്തുവരാതെ അപ്പുറത്ത് പോയി കളിക്ക് കുട്ടാ, അമ്മ വെള്ളം കോരിക്കഴിഞ്ഞു വരാം."
 
ഞാനാണെങ്കില്‍ അതൊന്നും കേട്ടഭാവം നടിക്കാതെ നിറച്ച കുടത്തില്‍ കയ്യിട്ടു വെള്ളം തെറിപ്പിച്ചു കളിക്കുകയായിരുന്നു. പറഞ്ഞത് കേള്‍ക്കാഞ്ഞതും പോരാഞ്ഞു ഇതുംകൂടി കണ്ടപ്പോള്‍ അമ്മക്ക് ദേഷ്യം വന്നു. "വെള്ളത്തില്‍ കളിച്ചു ഈ ഉടുപ്പൊക്കെ നനച്ചാല്‍ നല്ല പെട വെച്ചുതരും ഞാന്‍, പറഞ്ഞില്ലാന്നു വേണ്ട. പോ, അപ്പുറത്ത് പോയി കളിക്ക് ... ഊം .." നനഞ്ഞ കൈ കൊണ്ട് അടികിട്ടിയാല്‍ നല്ല സുഖമുണ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ കുടത്തില്‍ നിന്നും കൈ പിന്‍വലിച്ചു. എന്നിട്ട് മനസ്സില്ലാമനസ്സോടെ അവിടെ നിന്നും പതുക്കെ നീങ്ങി. കിണറ്റിങ്കരയില്‍ നിന്നും ഞാന്‍ മാറിയെന്നു ഉറപ്പുവരുത്തിയശേഷം അമ്മ കുടം രണ്ടും നിറച്ചുകഴിഞ്ഞ് അതുമായി നടന്നു നീങ്ങി.

ഞാനിനി അടുത്ത പരിപാടിയെന്തെന്നു ആലോചിച്ചുനില്‍ക്കുമ്പോഴാണ് കിണറിനപ്പുറത്ത് കൊങ്ങിണിക്കൂട്ടത്തില്‍ ഒരു തുമ്പി വന്നിരുന്നത് കണ്ടത്. പിന്നൊന്നും ആലോചിച്ചില്ല. തുമ്പിയെപ്പിടിക്കുവാനായി പമ്മിപ്പമ്മി ചെന്നു. ശ്രദ്ധയെല്ലാം തുമ്പിയുടെ ചലനത്തില്‍ കേന്ദ്രീകരിച്ചിരുന്നതിനാല്‍ താഴേക്കുനോക്കിയതേയില്ല. വെള്ളംകോരുന്നതിന്റെ ഫലമായി കിണറിന്റെ വശങ്ങളിലെല്ലാം നനവുണ്ടായിരുന്നതിനാല്‍ കിണറിന്റെ വക്കില്‍ ചവിട്ടിയതും കാല്‍ തെന്നിയതും ഒരുമിച്ചായിരുന്നു. "അമ്മേ"ന്നു വിളിച്ചുകൊണ്ട് ഞാന്‍ കിണറ്റില്‍ വീണു. വീണ ആക്കത്തില്‍ ആഴത്തില്‍ മുങ്ങിപ്പോയി. നിലവിളിച്ചു. വെള്ളത്തില്‍ നിലവിളിച്ചിട്ടെന്തു കാര്യം. പിന്നെ പൊങ്ങി. വെള്ളത്തില്‍ കൈകാലിട്ടടിച്ചു. മൂക്കിലും വായിലും വെള്ളം കയറി. ശ്വാസം മുട്ടി. പിന്നെയും മുങ്ങി. കണ്ണെല്ലാം തുറിച്ചു. വെള്ളത്തിനപ്പോള്‍ കൊല്ലുന്ന തണുപ്പായിരുന്നു. വെള്ളം കൊണ്ടുപോവുകയായിരുന്ന അമ്മ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു. കൊണ്ടുപോയ കുടം അവിടെയിട്ടു അമ്മ കിണറ്റിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച മകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതായിരുന്നു. "അയ്യോ, എന്‍റെ കുട്ടീ" എന്ന് നിലവിളിച്ചുകൊണ്ട് അമ്മയും കിണറ്റിലേക്കെടുത്തുചാടി. നീന്തലറിയാമായിരുന്ന അമ്മ മുങ്ങിപ്പോകാനിരുന്ന എന്നെ പൊക്കിപ്പിടിച്ചുകൊണ്ട് കിണറിന്റെ വശത്തേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോഴേക്കും വീട്ടുകാരും അയല്‍ക്കാരുമെല്ലാം ഓടിക്കൂടിയിരുന്നു. ആളുകള്‍ കയറെടുക്കാനോടുന്നു. കസേര കൊണ്ടുവരുന്നു. വെപ്രാളം കാരണം അമ്മയുടെ ബോധം മറഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴും എന്നെ സുരക്ഷിതസ്ഥാനത്ത് അമ്മ ചേര്‍ത്ത് നിര്‍ത്തിയിരുന്നു.

ഒരുവിധത്തില്‍ ഞങ്ങള്‍ രണ്ടുപേരെയും നാട്ടുകാര്‍ പുറത്തെടുത്തു. വയറില്‍ അമര്‍ത്തിയും, തലകീഴായി തൂക്കിപ്പിടിച്ചുമുള്ള കുറെ പ്രയോഗങ്ങള്‍ക്കു ശേഷമാണ് എന്‍റെ ബോധം തെളിഞ്ഞത്. ഈ സമയമത്രയും വീട്ടില്‍ കരച്ചിലും നിലവിളിയുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ, അങ്ങിനെ ഈ സംഭവം കാരണം കല്യാണവീടിനു ഒരു മരണവീടിന്റെ പ്രതീതിയുണ്ടായി. പാവം അമ്മയാണെങ്കില്‍ എന്നെ വിട്ടുമാറാതെ അടുത്തുതന്നെ ഇരിപ്പാണ്. അന്ന് വൈകുന്നേരമായപ്പോഴേക്കും എനിക്ക് പനിച്ചു തുടങ്ങി. പനിയെന്നു പറഞ്ഞാല്‍ പൊള്ളുന്ന പനി. അച്ഛന്‍ എന്നെയുമെടുത്തുകൊണ്ട് ഡോക്ടറുടെ അടുത്തേക്കോടി. പേടിക്കാനൊന്നുമില്ലെന്നും, കിണറിന്റെ ആഴമൊക്കെ അളന്നുവന്നതുകൊണ്ട് കുട്ടി പേടിച്ചതാണെന്നും, നീര് കെട്ടിയിട്ടുണ്ടെന്നും, രണ്ടുമൂന്നു ദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു കുറെ മരുന്നും എഴുതിക്കൊടുത്തു ഡോക്ടര്‍ ഞങ്ങളെ പറഞ്ഞുവിട്ടു. ഡോക്ടര്‍ പറഞ്ഞതുപോലെത്തന്നെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്‍റെ ക്ഷീണമെല്ലാം മാറി.
 
എന്തായാലും അന്നത്തെ സംഭവത്തോടെ കിണറിനോടുള്ള എന്‍റെ പേടി നിശ്ശേഷം മാറി. അതിനുശേഷം എത്രയോതവണ വീട്ടിലെയും മറ്റും കിണറുകളില്‍ പൊട്ടിയ കുടങ്ങളും, പന്തുകളും മറ്റും എടുക്കുവാനായി ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും തറവാട്ടിലേക്ക് പോകുമ്പോള്‍ പഴയ ആളുകളെല്ലാം "ആഹാ, സുമൂന്റെ മോനാ? പണ്ട് ആ കിണറ്റില്‍ വീണ കുട്ടിയല്ലേ?" എന്ന് ചോദിക്കാറുമുണ്ട്. അമ്മയ്ക്ക് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സംഭവം ഓര്‍ക്കുമ്പോള്‍ എന്തോ, ഒരു നടുക്കമാണ്.

അല്ലെങ്കില്‍ത്തന്നെ സ്വന്തം അമ്മയോടുള്ള കടപ്പാട് നമുക്കൊരിക്കലും തീര്‍ക്കാന്‍ കഴിയുന്നതല്ലല്ലോ, അങ്ങിനെയിരിക്കെ ഇളംപ്രായത്തില്‍ തന്നെ മരണക്കയത്തിലേക്ക് മുങ്ങിപ്പോകുമായിരുന്ന എനിക്ക് സ്വന്തം ജീവന്‍ പണയം വച്ച് വീണ്ടുമൊരു ജന്മം കൂടിതന്ന എന്‍റെ അമ്മയോടുള്ള കടപ്പാട് ഞാന്‍ എങ്ങിനെയാണ് വീട്ടേണ്ടത്‌? സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...