Monday, December 14, 2009

ഒന്നാം തിരുമുറിവ്...

സ്വന്തം നാട്ടില്‍ മാന്യമായിട്ടൊരു ജോലി, തരക്കേടില്ലാത്ത വരുമാനം, നല്ല പ്രവര്‍ത്തനാന്തരീക്ഷം. എല്ലാം കൊണ്ടും കൊള്ളാം. ഇവയെല്ലാം ഒത്തിണങ്ങി കാര്യങ്ങളെല്ലാം ഗുമ്മായി മുന്നോട്ടു നീങ്ങുമ്പോഴാണ് ആ ഉള്‍വിളി ഉണ്ടായത് (അല്ലെങ്കിലും 'ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളികേട്ടു' എന്നൊരു ചൊല്ലുണ്ട്). അതു തന്നെ സംഭവിച്ചു!

എനിക്ക് ഗള്‍ഫില്‍ പോകണം!!

ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ച തെറ്റിദ്ധാരണകള്‍ ‍ പലതായിരുന്നു:
ആദ്യ കാരണം 'ക്യാഷ്' തന്നെ. ഇഷ്ടം പോലെ കാശുണ്ടാക്കാം!
പിന്നെ വീട്ടിലും നാട്ടിലുമൊന്നും ഒരു വെയിറ്റ് ഇല്ല (പിന്നേ, ലവനാര്?)
ഗള്‍ഫ്കാരനായാല്‍ ഏല്ലാവര്‍ക്കും ഒരു ഇത് (ഏതു? ലതന്നെ!) തോന്നും!

ഇത്യാദി അബദ്ധധാരണകള്‍ വച്ചുപുലര്‍ത്തി ഞാന്‍ കമ്പനിയില്‍ ഗള്‍ഫ്‌ വേക്കന്‍സിയിലേക്ക് അപേക്ഷ കൊടുത്തു. പിന്നേ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. അബുദാബിയിലെ ഹെഡ് ഓഫീസില്‍ നിന്നും ഇവിടുത്തെ ഓഫീസിലേക്ക് 'ടോ' (എഗ്രിമെന്റ്) വന്നതും, ഞാന്‍ തുല്യം ചാര്‍ത്തിയതും, സര്‍ട്ടിഫിക്കറ്റ് എല്ലാം അറ്റെസ്റ്റ് ചെയ്തതും, അവ അയച്ചതുമെല്ലാം 'ശുഭസ്ത്യ ശീഘ്ര'മായി കഴിഞ്ഞു. പിന്നേ ഞാന്‍ വിസ കാത്തു നില്‍ക്കുന്ന വേഴാമ്പലായി മാറി. (ഹൊ! എന്തെളുപ്പം, ഗള്‍ഫില്‍ ജോലി കിട്ടുക എന്നൊക്കെ പറഞ്ഞാല്‍ ഇത്രക്ക് സിമ്പിളാണോ?).

പിന്നെ എന്‍റെ രാത്രികള്‍ സ്വപ്നങ്ങളുടെ ഘോഷയാത്രകളായിരുന്നു. അബുദാബി ഹെഡ് ഓഫീസില്‍ ശീതീകരിച്ച അടിപൊളി ഓഫീസ് മുറിയിലിരുന്നു അത്യാധുനിക സംവിധാനങ്ങളില്‍ വര്‍ക്ക്‌ ചെയ്യുക, പുതിയ പുതിയ കാര്യങ്ങളെല്ലാം പഠിക്കുക, അതില്‍ പ്രവീണ്യം നേടുക, കൈനിറയെ സമ്പാദിച്ചു അവധിക്കു നാട്ടില്‍ വരുക, വരുന്നത് പഴയ സിനിമേലൊക്കെ കാണണപോലെ അമ്പാസ്സി‍ഡര്‍ കാറിനുമുകളില്‍ പെട്ടികള്‍ അടുക്കിക്കെട്ടി വെച്ച്, അത്തറൊക്കെ പൂശി, കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച്, ചുണ്ടില്‍ മാള്‍ബെറൊ പുകച്ച്... അങ്ങിനെയങ്ങിനെയങ്ങിനെ...

അങ്ങിനെ വിസ കയ്യില്‍ ലഭിച്ചു. ടിക്കറ്റ്‌ എടുത്തു. തിയ്യതി സമാഗതമായി. വീട്ടിലെ സെന്റിമെന്റല്‍ യാത്രയയപ്പെല്ലാം കഴിഞ്ഞു നെടുമ്പാശേരിയില്‍ നിന്ന് വിമാനവും കേറി അബുദാബി എയര്‍പോര്‍ട്ടില്‍ വന്നെത്തുകയും ചെയ്തു.

കമ്പനി ഡ്രൈവര്‍ പിക്ക് ചെയ്യാന്‍ വന്നിരുന്നു. പെട്ടിയെല്ലാം കാറില്‍കയറ്റി. റൂമിലേക്ക്‌ യാത്ര പുറപ്പെട്ടു. ഡ്രൈവര്‍ ചേട്ടന്‍ റേഡിയോ ഓണ്‍ ചെയ്തു. മലയാളഗാനം അതിലൂടെ ഒഴുകിവന്നു.

'കണ്ണീര്‍കായലിലേതോ കടലാസ്സിന്റെ തോണീ
അലയും കാറ്റിലുലയും ഇരു കരയും ദൂരെ ദൂരെ...'

ഈശ്വരാ, വന്നിറങ്ങിയപ്പോള്‍ തന്നെ കണ്ണീരിന്റെ പാട്ടാണല്ലോ കേട്ടത്. പിന്നെ സ്വയം സമാധാനിപ്പിച്ചു, ഒരു പാട്ടിലെന്തിരിക്കുന്നു.

ഹൊ! എന്താ ഇവിടെയെല്ലാം റോഡ്‌, ഗംഭീരം തന്നെ! വണ്ടിയിലിരിക്കുമ്പോള്‍ കുലുക്കം പോലുമില്ല, ഒഴുകുന്നത്‌ പോലെ, പിന്നെ എത്ര ട്രാക്കുകളാണ് റോഡില്. ട്രാക്ക് മാറുമ്പോള്‍ ഉണ്ടാവുന്ന 'ക്ടുര്ര്‍ക്ക്' ശബ്ദം എനിക്കിഷ്ടപെട്ടു. ദേഹത്ത് ഒരു കോരിത്തരിപ്പ് ഉണ്ടാവുന്നതുപോലെ. വഴിനീളെ പടുകൂറ്റന്‍ കെട്ടിടങ്ങളും, അതിന്‍റെ ക്രയിനുകളും, ഈന്തപ്പനകളുമെല്ലാം നാട്ടിലെ കാര്യങ്ങളുമായി താരതമ്യം ചെയ്തു വായും പൊളിച്ചു നോക്കിയിരുന്നു. അങ്ങിനെ ഞങ്ങള്‍ അക്കോമോഡേഷനില്‍ എത്തി.

ഹായ്! എന്‍റെ കണ്ണ് തള്ളിപ്പോയി. വലിയൊരു ബംഗ്ലാവ്, ഇതിലാണോ താമസം, കുശാലായി. ഡ്രൈവറുചേട്ടന്‍ അകത്തേക്ക് കേറി, കൂടെ പെട്ടിയുമായിക്കേറി. പുള്ളിക്കാരന്‍ ഒരു മുറി ചൂണ്ടിക്കാട്ടി. ഓ, ബംഗ്ലാവ് ചുറ്റിക്കാണിക്കാന്‍ തുടങ്ങുകയായിരിക്കും. എന്തായാലും താമസിക്കാന്‍ പോണതല്ലേ, മുഴുവന്‍ കണ്ടുകളയാം.

ഇതാണ് മുറി. ദാ, കട്ടില്. ബെഡും തലയിണയും വച്ചിട്ടുണ്ട്. ഡ്രൈവറുചേട്ടന്‍ ഉവാച.

ങേ, ഹെന്ത്? ആ മുറിയില്‍ ആകെ 6 കട്ടിലുകള്‍, അതിലെല്ലാം തീവണ്ടിയുടെ ബര്‍ത്ത് പോലെ മുകളിലും കട്ടിലുകള്‍, മൊത്തം 16 കട്ടില്‍സ്. കൂടാതെ, പാര്‍ട്ടി ഓഫീസിലെ ബാനറുകള്‍ പോലെ തുണികള്‍ അങ്ങുമിങ്ങും തോരണം തൂക്കിയിരിക്കുന്നു. ഈ 16 അന്തേവാസികളില്‍ ഒരാളാവാനാണോ ഈശ്വരാ ഇങ്ങോട്ട് കെട്ടിയെടുത്തത്? എന്‍റെ സ്വപ്നങ്ങളില്‍ നല്ലൊരു ശതമാനം അപ്പോള്‍ തന്നെ ആവിയായിപ്പോയി.

വീട്ടില്‍ സ്വന്തം മുറിയില്‍ രാജാവിനെപ്പോലെ കഴിഞ്ഞവന്‍, എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. പിന്നെ സ്വയം സമാധാനിച്ചു. എന്നെപ്പോലെത്തന്നെയല്ലേ ഇവിടുള്ളവരും കഴിഞ്ഞുകൂടുന്നത്, എന്തായാലും വന്നു പെട്ടില്ലേ, നാടൊന്നുമല്ലല്ലോ, അടുത്ത ബസ്സിനു മടങ്ങണമെന്ന് പറയാന്‍. അങ്ങിനെ ഞാന്‍ ആ വലിയ ബംഗ്ലാവില്‍ ചെറിയ മുറിയില്‍ പന്ത്രണ്ടിലൊരുവനായി പ്രവാസജീവിതം ആരംഭിച്ചു.

വന്നത് ഒരു വ്യാഴാഴ്ച വൈകുന്നേരമായതുകൊണ്ട്, അന്നും പിറ്റേന്നും ജോലിക്ക് ജോയിന്‍ ചെയ്യേണ്ടി വന്നില്ല. ഈ ഒന്നര ദിവസം കൊണ്ട് ഞാന്‍ റൂമിനെയും റൂംമേറ്റ്സിനെയുമെല്ലാം പരിചയപ്പെട്ടു. റൂമിലുണ്ടായിരുന്ന സീനിയര്‍ ചേട്ടന്മാര്‍ അവിടുത്തെ നിയമങ്ങളെക്കുറിച്ചും, ഗള്‍ഫിലെ ഇപ്പോഴത്തെ ദയനീയാവസ്ഥയെക്കുറിച്ചും, എക്സ്ചേഞ്ച് റേറ്റിനെക്കുറിച്ചുമെല്ലാം പറഞ്ഞു ഒരുപാട് പേടിപ്പിച്ചു. അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മയെയും അച്ഛനെയും കുടുംബാംഗങ്ങളെയും പറ്റിയെല്ലാം ഓര്‍ത്തു. എന്താണെന്നറിയില്ല, എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ്, അവസാനം വന്നതുകൊണ്ട് ആദ്യം കുളിക്കണം എന്ന അലിഖിത ചട്ടം മാനിച്ചു കാക്കകുളി കുളിച്ചു റെഡിയായി. 'ടൈ' എന്ന സാധനം കെട്ടുന്നത് ആദ്യമായിട്ടായിരുന്നു. അതിനു അവിടെയുള്ള ഒരു ചേട്ടന്‍ സഹായിച്ചു. എന്താണെന്നറിയില്ല, അതു കെട്ടിയപ്പോള്‍ എന്‍റെ നെഞ്ചു വിരിഞ്ഞു. തല നിവര്‍ന്നു. കൈ പാന്റ്പോക്കറ്റിലോട്ടുപോയി. കണ്ണാടിക്കു മുന്‍പില്‍ ഇടതും വലതും വശങ്ങള്‍ മാറിയും തിരിഞ്ഞും അരമണിക്കൂര്‍ പോസ് ചെയ്തുനിന്നു. അടുത്ത ഊഴക്കാരന്റെ തെറി കേട്ടാണ് കണ്ണാടിക്കു മുന്നില്‍നിന്നു മാറിയത്. എന്തോ, തലേദിവസത്തെ വിഷമമെല്ലാം മാറിയിരുന്നു.

അങ്ങിനെ, ഓഫീസ് വണ്ടി വന്നു. സ്റ്റാഫിനെ കൊണ്ടുപോകാനുള്ളതാണത്രേ. ഡൈലി ഈ ടൈമില്‍ വരും, അഞ്ചുമിനുറ്റ് നിര്‍ത്തിയിടും. അതിനകം കയറിക്കൊള്ളണം. ഈ സമയത്തിനകം റെഡിയായില്ലെങ്കില്‍ പൈസ മുടക്കി ടാക്സിയില്‍ വരണമത്രേ! എന്തായാലും എനിക്ക് ബസ്‌ ഇഷ്ടപ്പെട്ടു. ഉഗ്രന്‍ സീറ്റ്, ഏ.സി, പാട്ട് കേട്ടുള്ള യാത്ര എല്ലാം കൊള്ളാം. എന്‍റെ സ്വപ്‌നങ്ങള്‍ ഫീനിക്സ് പക്ഷിയായി ഉയര്‍ത്തെഴുന്നേറ്റു.

അങ്ങിനെ ആദ്യമായി അബുദാബി നഗരത്തിലൂടെ യാത്ര ചെയ്തു. കണ്ണാടിജനലിലൂടെ ഞാന്‍ ചുറ്റും നോക്കി കാഴ്ചകള്‍ ആസ്വദിക്കാന്‍ തുടങ്ങി. പടുകൂറ്റന്‍ കെട്ടിടങ്ങള്‍, അവയുടെ ഉയരം അളക്കാന്‍ മേല്‍പ്പോട്ടു നോക്കി നോക്കി തല കഴച്ചു തുടങ്ങി. അതാ ഒരു ബില്‍ഡിങ്ങ്! ശ്ശൊ, ഭയങ്കരം തന്നെ! അതിന്‍റെ മണ്ടക്ക് ഒരു കൂറ്റന്‍ ഗോളം കയറ്റി വച്ചിരിക്കുന്നു. എന്‍റെ നോട്ടം കണ്ടിട്ടാവണം, അതു എത്തിസലാത്തിന്റെ ഓഫിസാണെന്നും, അതു ‍കണ്‍സ്ട്രക്ടിവ് വര്‍ക്ക്‌ ആണെന്നും അടുത്തിരിക്കുന്നവന്‍ പറഞ്ഞുതന്നു (ഞാന്‍ മുഖത്ത് നമ്മളിതെത്ര കണ്ടതാനെന്നുള്ള ഭാവം പെട്ടെന്ന് വരുത്തി). പിന്നെ റോഡിലെല്ലാം എത്ര വാഹനങ്ങളാണ്, നാട്ടിലൊന്നും കാണാത്തത്ര മോഡലുകളും. അങ്ങിനെ തിരക്കിലൂടെ ഒഴുകി ഒടുവില്‍ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഓഫീസിലെത്തി. വണ്ടിയില്‍ നിന്നുമിറങ്ങി. ഞാന്‍ രണ്ടടി പിറകോട്ടുമാറി എന്‍റെ ഓഫീസിനെ നോക്കി. വാഹ്‌! കലക്കി. രണ്ടു കൂറ്റന്‍ ബില്‍ഡിങ്ങുകള്‍. ഇത്രയും വലിയ ഓഫീസോ? വീണ്ടും രോമാഞ്ചം. അങ്ങിനെ ആദ്യമായി ഓഫീസില്‍ കയറി എച്. ആര്‍ ഡിപ്പാര്‍ട്ടുമെന്റിലേക്കു പോയി. അവിടുത്തെ കലാപരിപാടികള്‍ കഴിഞ്ഞു ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു. ഡിപ്പാര്‍ട്ടുമെന്റ് കാണിച്ചുതരുവാനായി ഒരു അമ്മച്ചി കൂടെ വന്നു. അമ്മച്ചി എന്നോട് എന്‍റെ ഹിസ്റ്ററിയെല്ലാം ഈ നേരത്തിനകം ചോദിച്ചു മനസ്സിലാക്കി. ഇവന്‍ ഇവിടെ അധികനാള്‍ വാഴില്ല എന്നര്‍ത്ഥത്തിലാണോ എന്തോ, എന്നെ അവസാനം ഒരുമാതിരി ആക്കിയ നോട്ടവും നോക്കി ഡിപ്പാര്‍ട്ടുമെന്റ് കാണിച്ചുതന്നു. ഡിപ്പാര്‍ട്ടുമെന്റ് നെയിം എല്ലാം സ്റ്റൈയിലായി എഴുതിയ ബോര്‍ഡ് വാതിലില്‍ ഒട്ടിച്ചിരിക്കുന്നു. വീണ്ടും രോമാഞ്ചം (ശ്ശൊ, ഇത് വല്ല്യ ശല്ല്യമായല്ലോ, ഈ രോമാഞ്ചമേ). അങ്ങിനെ ഐശ്വര്യമായി ഡോര്‍ തുറന്നു ഞാന്‍ അകത്തേക്ക് കാല്‍ എടുത്തു വച്ചു. ചുറ്റും കണ്ണോടിച്ചു.

ഒരു കുടുസ്സു മുറി. ജാംബവാന്റെ അപ്പൂപ്പന്റെ കാലത്തെ രണ്ടു യന്ത്രപെട്ടികള്‍ (ഇതു കമ്പ്യൂട്ടറാണത്രെ!!), പിന്നെ മൊത്തം കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍, കൂടാതെ നൂറായിരം വയറുകള്‍, പ്ലഗ്ഗുകള്‍, ആവശ്യത്തിനും അനാവശ്യത്തിനുമായി വേറെന്തൊക്കെയോ സാധനങ്ങള്‍. പിന്നെ രണ്ടു അലമാരകളും. ഇതിനിടയില്‍ ചന്തി വയ്ക്കാന്‍ മാത്രം ഗ്യാപ്പ്. ഇതെല്ലാം കണ്ടപ്പോള്‍ എന്‍റെ ഫീനിക്സ് പക്ഷി വീണ്ടും ചാരമായി. ഒരു ഗുണമുണ്ടായത് എന്താണെന്ന് വച്ചാല്‍ വംശനാശം വന്ന ഫ്ലോപ്പി ഡിസ്കിനെ അവിടെ കാണാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ഈശ്വരാ... എന്തെല്ലാം പ്രതീക്ഷകളായിരുന്നു. നാട്ടിലെ ഓഫീസില്‍ ആധുനിക സജജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടറുകളും, വിശാലമായ മുറിയും അപ്പോള്‍ എന്‍റെ മനസ്സില്‍ ഓടി വന്നു. കഷ്ടം...


ഇതെല്ലാം കണ്ടു കഴിഞ്ഞപ്പോഴാണ് വിസാ പ്രോസസ്സിംഗ് വളരെ സ്പീഡാകാനുള്ള കാരണം പിടികിട്ടിയത്. എത്രയും പെട്ടെന്ന് ഇവിടെ കൊണ്ട് തള്ളാനുള്ള ഏര്‍പ്പാടായിരുന്നു. ഗള്‍ഫില്‍ ജോലി കിട്ടാന്‍ എന്തെളുപ്പം അല്ലേ?

അങ്ങിനെ ശോകമൂകനായി, എന്‍റെ എടുത്തുചാട്ടത്തെ ശപിച്ചു ഞാന്‍ എന്‍റെ ജോലിത്തിരക്കില്‍ പ്രവേശിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ജോലിയുമായും മറ്റുള്ള കാര്യങ്ങളുമായും സ്വാഭാവികമായി പൊരുത്തപ്പെട്ടു ജീവിതം മുക്കിയും മുടന്തിയും മുന്നോട്ടു ചലിക്കപ്പെട്ടു. സ്വപ്നങ്ങളെല്ലാം സ്വപ്നങ്ങളായിത്തന്നെ അവശേഷിച്ചു. ആകെ കിട്ടുന്ന അവധിദിവസമായ വെള്ളിയാഴ്ചകള്‍ ഉറക്കവും അലക്കുമായി കഴിച്ചുകൂട്ടി (ജോലിദിവസങ്ങളില്‍ നേരത്തെ എണീക്കുന്നതുകാരണം അതിന്‍റെ ക്ഷീണമെല്ലാം തീര്‍ക്കുന്നത് വെള്ളിയാഴ്ച ഉച്ചവരെ ഉറങ്ങിയാണ്). 'ടൈ' കെട്ടുന്നത് ഒരു ബാദ്ധ്യതയായി മാറി. ഓഫീസ് വണ്ടിയില്‍ പോകുമ്പോള്‍ നാട്ടിലെ ബസ്സില്‍ തിരക്കില്‍ ഊളിയിടുന്നതും, കാല്‍വിരല്‍ മാത്രം ചവിട്ടുപടിയില്‍ ഊന്നിയുള്ള നില്‍പ്പും, ഏണിപ്പടിയില്‍ തൂങ്ങി നില്‍ക്കലും എല്ലാം നഷ്ടബോധങ്ങളായി മാറി. നഗരകാഴ്ചകള്‍ കാണുമ്പോള്‍, പാടവും, കുളവും, പുഴയുമെല്ലാം മനസ്സില്‍ നൊമ്പരമുണര്‍ത്തി. അസുഖങ്ങള്‍ വന്നപ്പോഴെല്ലാം അമ്മയെ വേദനയോടെ ഓര്‍ത്തുപോയി. എന്താണെന്നറിയില്ല, പനിപിടിച്ചു കിടക്കുമ്പോഴാണ് ഒറ്റപ്പെടലിന്‍റെ തീവ്രത അനുഭവപ്പെട്ടത്. ചുരുക്കം ചിലത് നേടുവാനായി വിലപ്പെട്ട എന്തെല്ലാമോ നഷ്ടപ്പെടുത്തിയോയെന്നു തോന്നിത്തുടങ്ങി. നാടുമായുള്ള ബന്ധം വെള്ളിയാഴ്ചകളിലെ ഫോണ്‍വിളികളില്‍ ഒതുക്കപ്പെട്ടു.

പ്രവാസികള്‍ മെഴുകുതിരികളെപ്പോലെയാണ്. സ്വയം കത്തിത്തീരുമ്പോഴും മറ്റുള്ളവര്‍ക്ക് പ്രകാശമായി മാറുന്നു. വീടിനും നാടിനുമായി കഷ്ട്ടപ്പെടുന്നവരാണ് അവര്‍. എന്തുതന്നെയായാലും ഞാനിന്നു അനേകലക്ഷം പ്രവാസികളില്‍ ഒരാളാണ്. ഈ പ്രവാസ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു. ദശാബ്ദങ്ങളോളമായി ഇവിടെ ഉഴലുന്ന ജീവിതങ്ങളെ പരിചയപ്പെട്ടു. അവരുടെയെല്ലാം അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ എനിക്ക് സ്വര്‍ഗ്ഗതുല്ല്യമാണ് ഇവിടെ.


കത്തിത്തീരുവാന്‍ ഇനിയും എത്രയോ പകലുകള്‍... ഇവിടം കൊണ്ടൊന്നും തീരുന്നില്ല!!

Tuesday, December 1, 2009

മഴ നനഞ്ഞൊരു ഓര്‍മ്മച്ചിത്രം











മഴ, പേരില്‍ തന്നെ മനോഹര വര്‍ണ്ണങ്ങള്‍ വിരിയുന്ന പ്രകൃതിയുടെ വിസ്മയം. പ്രകൃതി ഒത്തിരി വിഷമങ്ങളും വേദനകളും ഉള്ളിലൊതുക്കി അവസാനം ഒരു ദിവസം മനസ്സിന്‍റെ ഭാരം മുഴുവനും കരഞ്ഞു തീര്‍ക്കുന്നതാവും ഈ മഴയെന്നു ഞാന്‍ വിചാരിച്ചിരുന്നു.


അങ്ങുദൂരെ കേരളത്തില്‍ കര്‍ക്കിടകം കൊട്ടിപ്പെയ്യുന്നു. മഴയുടെ ഒരു നേര്‍ത്ത സ്പര്‍ശം എന്നിലെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുമ്പോള്‍, മഴത്തുള്ളികള്‍ വീണു നനഞ്ഞ പുതുമണ്ണിന്‍റെ നനുത്തഗന്ധം ഓര്‍മ്മയില്‍ വരുന്നു.




പച്ചിലത്തുമ്പിലെ മഴത്തുള്ളികളെ കുലുക്കി ഉതിര്‍ത്തു, മഴവെള്ളം നിറഞ്ഞ ഇടവഴിയിലൂടെ സ്കൂളിലേക്ക് പോയ കുട്ടിക്കാലം. ഇറവെള്ളത്തില്‍ സ്ലെയിറ്റ് നനച്ച് മുറിപ്പെന്‍സില്‍ കൊണ്ട് അക്ഷരം കുറിച്ച കാലം. അമ്പലനടയില്‍ ജീര്‍ണിച്ച ആല്‍മരത്തിന്‍ പടികളിരുന്നു ചരല്‍ക്കൂനകളിലേക്ക് പെയ്തിറങ്ങുന്ന മഴയെ നോക്കി ബാല്യത്തിന്‍റെ നിഷ്ക്കളങ്കത ഓര്‍ത്തിരിക്കാന്‍ എന്തൊരു രസമായിരുന്നു. ഇടിഞ്ഞുവീഴാറായ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്കു പതിക്കുന്ന വെള്ളതുള്ളികളെ കൈകളില്‍ പടര്‍ത്തി കൂട്ടുകാരിയുടെ മുഖത്തേക്ക് തെറിപ്പിക്കുമ്പോള്‍, ആ നനവിലുണ്ടാകുന്ന ചിരിയില്‍ ഓര്‍മ്മകള്‍ നിറയുന്നു. മഴയില്‍ക്കുളിച്ചെത്തുന്ന പകലില്‍ ചോരുന്ന ക്ലാസ്സ്മുറികളില്‍ എവിടെയോ എന്‍റെ ബാല്യം പെയ്തൊഴിഞ്ഞു.


മഴ കുട്ടിക്കാലത്ത് കടലാസുതോണിയായി, കൌമാരത്തില്‍ പ്രണയമായി, യൌവ്വനത്തില്‍ വേര്‍തിരിക്കാനാവാത്ത ഒരു വികാരമായി പിന്നെ ഞാന്‍ തന്നെയായി മാറിയ എന്‍റെ മഴ. മഴചാറ്റലുകളേറ്റുവാങ്ങി പിന്നിലൂടോടിവന്നെന്‍റെ കുടക്കീഴില്‍ അഭയം തേടിയ എന്‍റെ പ്രിയസുഹൃത്തും എന്‍റെ മഴക്കാല ഓര്‍മ്മയായി മാറിയിരിക്കുന്നു.


വേദനയായി, ഒരു തലോടലായി, എന്‍റെ കരച്ചിലില്‍ ഒരു സാന്ത്വനമായി, ഇടയ്ക്കെപ്പോഴോ എല്ലാ വികാരവും ഏറ്റുവാങ്ങി ഉറഞ്ഞുതുള്ളി, പേടിപ്പെടുത്തുന്ന രൂപത്തില്‍ മഴ, അതു എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.


കത്തുന്ന വേനലിന്‍റെ മാറില്‍ കുളിരായി മഴയെത്തുമ്പോള്‍ ആശ്വാസവും ആശങ്കയും ഒരുമിച്ചെത്തിയിരുന്നു മനസ്സില്‍. തുള്ളിക്കൊരുകുടം കണക്കെ മഴ പെയ്യുമ്പോള്‍ വറ്റിവരണ്ട തോടുകളും, പുഴകളും, കുളങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട ജീവന്‍ വീണ്ടെടുക്കുന്നു. നടക്കുമ്പോള്‍ ആ പഴയ റബ്ബര്‍ ചെരുപ്പിന്‍റെ ചുവട്ടില്‍ നിന്നും കുപ്പായത്തിലേക്ക് തെറിച്ചുവീണ ആ മഴത്തുള്ളികളെ ഇന്നും ഞാന്‍ സ്നേഹിക്കുന്നു.


മഴയെ സ്നേഹിച്ചു നടന്ന ഞാന്‍, ഇന്ന് മരുഭൂമിയിലാണ്‌. കൊടുംചൂടിനിടയ്ക്കും ഒരു തലോടലായി എന്‍റെ മനസ്സിലേക്കോടി വരുന്നത് എന്‍റെ നാടും അവിടെ പെയ്യുന്ന മഴയുമാണ്. കരകവിഞ്ഞൊഴുകുന്ന പുഴയില്‍ കാറ്റുവീശുമ്പോഴുണ്ടാകുന്ന മഞ്ഞുപോലെ പടര്‍ന്നുപോകുന്ന ഓര്‍മ്മകള്‍...


ഓര്‍മ്മകളെ മരിക്കാതിരിക്കുക...!!