Sunday, February 7, 2010

കുറുന്തോട്ടി

നേരം വെളുത്തു തുടങ്ങി. സൂര്യന്‍ പടിഞ്ഞാട്ട് ഇടംകണ്ണിട്ട് ഭൂമിയിലേക്ക്‌ നോക്കി. എങ്ങും കിളികളുടെ കൊഞ്ചലുകള്‍. അത്തിമരത്തിന്മേല്‍ ചുറ്റിക്കിടക്കുന്ന മുല്ലവള്ളികള്‍ മുല്ലപ്പൂവിരിച്ചു പ്രകാശം പരത്തി നില്‍ക്കുന്നു. ഇവയോടെല്ലാം കിന്നാരം പറഞ്ഞു വൃശ്ചികമാസത്തിലെ തണുത്ത കാറ്റ്. ചന്ദ്രികയുടെ വീട്ടിലെ കോഴി ഉറക്കെ കൂവിക്കൊണ്ട് നേരം വെളുത്തത്തിന്റെ സന്തോഷം അറിയിച്ചു. "അമ്മേ നാരായണ" എന്നുള്ള വിളിയോടെ വാസു വൈദ്യര്‍ പതുക്കെ കട്ടിലില്‍ നിന്നുമെഴുന്നേറ്റു. തോര്‍ത്ത്‌ എടുത്തു ശിവക്ഷേത്രത്തിലേക്ക് നടന്നു. മുറ്റമടിച്ചു നിന്നിരുന്ന വാസന്തി വാസുവൈദ്യരെ കണ്ടപ്പോള്‍ പതുക്കെ തലയുയര്‍ത്തി. "വാസുവേട്ടാ മോന് ദീനം. ഇന്നലെ തുടങ്ങിയതാ; ഒരു പോള കണ്ണടച്ചിട്ടില്ല". നീ മോനെയും കൂട്ടി വീട്ടിലേക്കു വരൂ... ഭാസ്ക്കരന് ലീവ് കിട്ടിയോ? ഇനി ആറുമാസം കഴിയാണ്ട് ലീവ് കിട്ടില്ലാത്രേ! എല്ലാം ഈശ്വരനിശ്ചയം. വാസന്തിയുടെ ഭര്‍ത്താവ് പട്ടാളത്തിലാണ്. കഴിഞ്ഞ തവണ ലീവിന് വന്നു ഒരു ദിവസം കഴിയുന്നതിനു മുന്‍പ് തിരിച്ചു വിളിച്ചു.

വാസു വൈദ്യര്‍ക്ക് വയസ്സ് എഴുപതായി, ഇപ്പോഴും ആരോഗ്യവാന്‍. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ശിവക്ഷേത്രത്തില്‍ പോയി കുളിച്ചു തൊഴുത്‌ മൂലപ്പീടികയില്‍ നിന്ന് ചായയും കുടിച്ചു വീടിന്റെ പടിക്കലേനിന്നു വിളി തുടങ്ങും.

"രാധാമണീ..."

ഈ വിളി കേട്ടാല്‍ രാധാമണി എവിടെയായാലും ഓടിയെത്തും. രാധാമണി വാസു വൈദ്യരുടെ അകന്ന ബന്ധത്തിലെ കുട്ടിയാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റയ്ക്കായ രാധാമണിയെ വാസു വൈദ്യര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോന്നു. വാസു വൈദ്യര്‍ക്കു വളരെ സഹായവുമായി.

വാസു വൈദ്യര്‍ രാധാമണിയോട് "നീ കുറുന്തോട്ടി പറിച്ചുവോ മോളെ...?"

"ഇല്ല, ഇപ്പോള്‍ പറിച്ചുകൊണ്ടുവരാം. ഇനി ശങ്കരന്റെ പറമ്പില്‍ ഒരു കട കൂടിയേ ബാക്കിയുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ വാസുമാമ വേറെ എന്തെങ്കിലും കൊണ്ട് ചികിത്സ തുടങ്ങേണ്ടിവരും." വാസു വൈദ്യര്‍ അല്പനിമിഷം ചിന്തിച്ചുകൊണ്ട്‌ വിഷമത്തോടുകൂടി പറഞ്ഞു. "അന്ന് ഞാന്‍ ചികിത്സ നിര്‍ത്തിയെന്ന് നീ കൂട്ടിക്കോളൂ..."

രാധാമണി ശങ്കരന്റെ പറമ്പിലേക്കോടി. വാസു വൈദ്യര്‍ ഉമ്മറത്തിരുന്ന ചാരുകസേരയിലേക്കും. ആ ഗ്രാമത്തില്‍ ആര്‍ക്കും എന്തസുഖം വന്നാലും ആദ്യം എത്തുക വാസു വൈദ്യരുടെ അടുത്തായിരിക്കും. വൈദ്യം ഒന്നും പഠിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഒറ്റമൂലി ചികിത്സ അവിടത്തെ പാവങ്ങള്‍ക്കെല്ലാം ഒരനുഗ്രഹമായിരുന്നു. ചികിത്സ തുടങ്ങിയ കാലത്തിനിടയ്ക്ക് ആരുടെ കയ്യില്‍ നിന്നും ഒറ്റപൈസ പോലും അദ്ദേഹം ഈടാക്കിയിട്ടില്ല.

പേരുകേട്ട തറവാടായിരുന്നു വാസു വൈദ്യരുടെ ഇല്ലിക്കല്‍ തറവാട്. വാസു വൈദ്യരുടെ അച്ഛന്റെ കാലശേഷം എല്ലാവരും അവരുടെ വീതം വാങ്ങിപ്പോയി. ചെറുപ്രായത്തിലെ ഒരു പ്രേമനൈരാശ്യം മൂലം വിവാഹം കഴിക്കാതിരുന്ന വാസു വൈദ്യര്‍ ആ വീട്ടില്‍ ഒറ്റക്കായി. അദ്ദേഹത്തിന് രാധാമണിയുടെ കാര്യത്തിലാണ് ആകെയുള്ള ദുഃഖം. അവളെ ആരുടെ കൈയ്യിലേങ്കിലും പിടിച്ചേല്‍പ്പിച്ചു വിധിക്ക് കീഴടങ്ങുമായിരുന്നു. വാസു വൈദ്യരുടെ സ്വത്തെല്ലാം അദ്ദേഹത്തിന്റെ കാലശേഷം രാധാമണിയുടെ പേരിലേക്ക് എഴുതി വച്ചിരിക്കുകയാണ്.

"വാസുമ്മാമേ..." രാധാമണിയുടെ നീട്ടിയുള്ള വിളി. "ശങ്കരന്റെ പറമ്പിലെ അവസാനത്തെ കുറുന്തോട്ടി. ഇനി ഈ നാട്ടിലെ ഒരുസ്ഥലത്ത്പോലും ഒറ്റ കുറുന്തോട്ടിക്കടപോലുമില്ല." വൃശ്ചികമാസത്തിലെ തണുത്തകാറ്റ് പൊടി പറപ്പിച്ചുകൊണ്ട് കടന്നുപോയി. "അമ്മാമയ്ക്ക് മുറിയിലൊന്നു പോയി കിടന്നുകൂടെ? പൊടിക്കാറ്റത്ത് കിടന്നു അസുഖങ്ങള്‍ എന്തെങ്കിലും വരുത്തിവെച്ചാ..." വാസു വൈദ്യര്‍ ശാന്തമായി ഉറങ്ങുകയാണ്. ഒരു ഭാവ വിത്യാസവുമില്ലാതെ. ഇനി ഒരിക്കലും എഴുന്നേല്‍ക്കാത്ത ഉറക്കത്തിലേക്കു അദ്ദേഹം വീണുപോയി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നമുക്ക് നല്‍കിയ പല സസ്യലതാദികളും ഇന്ന് ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്, കൂടെ വാസു വൈദ്യരും കുറുന്തോട്ടിയും...

28 comments:

സുമേഷ് | Sumesh Menon said...

പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നമുക്ക് നല്‍കിയ പല സസ്യലതാദികളും ഇന്ന് ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്, കൂടെ വാസു വൈദ്യരും കുറുന്തോട്ടിയും...

കൂതറHashimܓ said...

പാവം കുറുന്തോട്ടി.. :(

മുരളി I Murali Mudra said...

ശരിയാണ്..നമ്മുടെ സ്വന്തമായിരുന്ന പലതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്..
നല്ല ഒരു ഓര്‍മപ്പെടുത്തല്‍ സുമേഷ്‌..

mini//മിനി said...

ആ ഒരു കുറുന്തോട്ടി കളയാതെ സൂക്ഷിക്ക്, അതിൽ‌നിന്നും പുതിയത് വളർത്താൻ ശ്രമിക്കുക.

എറക്കാടൻ / Erakkadan said...

ശരിയാണ​‍്‌ ..ഇന്നു വൈദ്യരുമില്ല, കുറുന്തോട്ടിയുമില്ല

ശ്രീ said...

ഹൃദ്യമായ എഴുത്ത്. പലതും നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തെ ഒന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നു, ഈ കഥ!

അഭി said...

പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നമുക്ക് നല്‍കിയ പല സസ്യലതാദികളും ഇന്ന് ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്..........
ശരിയാണ്
സമകാലീനമായ ഒരു സംഭവം വളരെ ഹൃദ്യമായി രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഓരോ ദിവസം കൊഴിഞ്ഞു വീഴുമ്പോഴും നഷ്ടങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു.
ഒരു പുലര്കാലത്തിന്റെ സുഖം പകരുന്ന എഴുത്ത്‌.

Manoraj said...
This comment has been removed by the author.
Manoraj said...

പിന്നെ, ഒന്നുകൂടി സുമേഷ്‌, ഭാഷ വളരെയധികം പുരോഗമിച്ചിരിക്കുന്നു. ഇത്‌ നിലനിർത്തുക.

Typist | എഴുത്തുകാരി said...

ഇന്നു കുറുന്തോട്ടിയുമില്ല,പച്ച മരുന്നു പറിച്ചുകൊണ്ട് വന്നു ചികിത്സിക്കുന്ന വൈദ്യരുമില്ലല്ലോ!

Unknown said...

സുമേഷ്ജീ,
ഭാഷ ഒന്നാന്തരം.എല്ലാ വിധ ആശംസകളും

രാജീവ്‌ .എ . കുറുപ്പ് said...

ചന്ദ്രികയുടെ വീട്ടിലെ കോഴി ഉറക്കെ കൂവിക്കൊണ്ട് നേരം വെളുത്തത്തിന്റെ സന്തോഷം അറിയിച്ചു.

തുടക്കം തീര്‍ത്തും ഗ്രാമീയ സുഗന്ധം പരത്തി. പക്ഷെ വായിച്ചു വന്നപ്പോള്‍ പെട്ടന്ന് തീര്‍ന്നു പോയി.

എന്ന് എല്ലാം ഓര്‍മകളില്‍ മാത്രം, പുതിയ തലമുറയ്ക്ക് കുറുന്തോട്ടി എന്ന് പറഞ്ഞാല്‍ അറിയുമോ ആവോ

ഒഴാക്കന്‍. said...

കുറുന്തോട്ടിക്കും വാതമോ?....

സുമേഷ് | Sumesh Menon said...

കൂതറHashimܓ : സ്വാഗതം. അഭിപ്രായത്തിനു നന്ദി.
മുരളി : അതെ മുരളി, പലതും നമ്മള്‍ അറിയുന്നുപോലുമില്ല എന്താണ് നമുക്ക് നഷ്ടപെടുന്നതെന്ന്... വളരെ നന്ദി.
mini//മിനി : ടീച്ചറെ, നല്ലൊരു സന്ദേശം.. വളരെ നന്ദി ഇവിടെ വന്നു അഭിപ്രായം പറഞ്ഞതില്‍..
ഏറക്കാടന്‍ : കരിമ്പനക്കാറ്റിലേക്ക് സ്വാഗതം, നന്ദി, വീണ്ടും വരണേ..
ശ്രീ : വളരെ നന്ദി.
അഭി : നന്ദി, തിരിച്ചും ആശംസകള്‍ നേരുന്നു.
റാംജി : വളരെ ശരിയാണ്.. നന്ദി, സന്തോഷം.
മനോരാജ് : നന്ദി ഈ അഭിപ്രായത്തിനു. സന്തോഷം.
എഴുത്തുകാരി : ചേച്ചി, അതെ രണ്ടും അന്ന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
റ്റോംസ്: വളരെ സന്തോഷം..നന്ദി
കുറുപ്പ് : പുതിയ തലമുറയ്ക്ക് ഇതൊക്കെ അറിയുമോ? ആര്‍ക്കറിയാം... നന്ദീട്ടാ...
ഒഴാക്കാന്‍ : കലികാലമാ മാഷേ, അതിനപ്പുറവും നടക്കും. വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും, വീണ്ടും കാണാം..

വിനുവേട്ടന്‍ said...

ഗ്രാമാന്തരീക്ഷത്തിലേക്ക്‌ വീണ്ടും എത്തിച്ചതിന്‌ നന്ദി... നന്മകളാല്‍ സമൃദ്ധമായിരുന്ന ആ നാട്ടിന്‍പുറങ്ങളൊക്കെ ഇന്ന് എവിടെ...? പഴയ തലമുറയുടെ ആര്‍ജ്ജവം ഇന്നത്തെ കുട്ടികള്‍ക്കുണ്ടോ... സംശയമാണ്‌...

വശംവദൻ said...

"പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നമുക്ക് നല്‍കിയ പല സസ്യലതാദികളും ഇന്ന് ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്"

എഴുത്ത് നന്നായി. ആശംസകൾ

vinus said...

നന്നായി തന്നെ എഴുതി .ശെരിയാണ് കുറുന്തോട്ടിയുടേം വാസു വൈദ്യരുടേയും ഒക്കെ കാലം കഴിഞ്ഞു .പണ്ടു പറമ്പിൽ കീഴാർനെല്ലി തപ്പി നടന്ന കാലം ഓർമിപ്പിച്ചു ഈ പൊസ്റ്റ്.

Anil cheleri kumaran said...

നന്നായെഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നാട്ടു വൈദ്യം പോലെ.

പ്രദീപ്‌ said...

ചിന്തനീയം ...........
പ്രകൃതി ഒരു വീക്ക്‌ നെസ് ആണല്ലേ ? ഒരു ചെറിയ കഥയിലൂടെ പ്രകൃതിയെ കുറിച്ചു ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചു .

നല്ല തിരക്കായിരുന്നു അതാ വൈകിയത് .

താരകൻ said...

പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നമുക്ക് നല്‍കിയ പല സസ്യലതാദികളും ഇന്ന് ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്, കൂടെ വാസു വൈദ്യരും കുറുന്തോട്ടിയും...സത്യം..

സുമേഷ് | Sumesh Menon said...

വിനുവേട്ടന്‍: ബേബി ഫുഡും മറ്റുമൊക്കെ കഴിച്ചു അമിതവണ്ണവുമായിരിക്കുന്ന ഇപ്പോഴത്തെ കുട്ടികള്‍ക്കോ പഴയ തലമുറയുടെ ആര്‍ജ്ജവം? സംശയിക്കേണ്ട, ഇല്ല..
വളരെ നന്ദി, അഭിപ്രായത്തിനു..
വശംവദന്‍ : നന്ദി..
വിനുസ് : ആ കാലം ഓര്‍മിപ്പിച്ചുവോ? നോം കൃതാര്‍ഥനായി.
കുമാരന്‍ : വളരെ നന്ദി.
പ്രദീപ്‌ : ആളുകള്‍ അങ്ങിനെ ചിന്തിച്ചുവെങ്കില്‍ ഞാന്‍ വിജയിച്ചു. വൈകിയാലും വന്നല്ലോ, സന്തോഷായി ഗോപിയേട്ടാ.. :)
താരകന്‍ : വളരെ നന്ദി വന്നതിനും അഭിപ്രായത്തിനും.

ജയരാജ്‌മുരുക്കുംപുഴ said...

assalayi.... ellaa ashamsakalum nerunnu........

jyo.mds said...

കഥയേക്കാള്‍ കൂടുതല്‍ യാഥാര്‍ത്യമായി തോന്നി-വൈദ്യരും,കുറുന്തോട്ടിയുമൊക്കെ...endangered speciesആയിത്തുടങ്ങി-കഷ്ടം

jyo.mds said...

ഒരു യാഥാര്‍ത്യം എഴുതി-കുന്തോട്ടിയും,വൈദ്യരുമൊക്കെ..endangered species..ആയിത്തുടങ്ങിയിരിക്കുന്നു

നല്ല പോസ്റ്റ്

Umesh Pilicode said...

കൊള്ളാം മാഷെ

അരുണ്‍ കരിമുട്ടം said...

ഇത് ഞാന്‍ വായിക്കുകയും കമന്‍റ്‌ ഇടുകയും ചെയ്തതാണ്‌, കാണുന്നില്ല!

സുമേഷ് | Sumesh Menon said...

ജയരാജ് : നന്ദി.
ജ്യോ: ശരിയാണ്, നന്ദി.
ഉമേഷ്‌ : കരിമ്പനക്കാറ്റിലേക്ക് സ്വാഗതം, വീണ്ടും വരണേ..
അരുണ്‍ : അയ്യോ, അരുണേ ഞാന്‍ കണ്ടില്ല, ആദ്യം കമ്മന്റ് മോഡെറേറ്റ് ചെയ്തിരുന്നു. പക്ഷെ മെസ്സേജ് ഒന്നും കിട്ടിയിരുന്നില്ല.. ഇനി എന്‍റെ പിശകാണെങ്കില്‍ ക്ഷമ ചോദിക്കുന്നു. നന്ദി.