Thursday, May 6, 2010

ഉണ്ണി ഉറങ്ങുകയാണ്

രാവിലെ തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്.

മേല്‍ക്കൂരയിലെ ദ്രവിച്ച ഓലക്കീറുകളെ വകഞ്ഞ് മഴവെള്ളം ഉള്ളിലേക്ക് ഊര്‍ന്നു വീഴുന്നു.

.... ഈ നശിച്ച മഴ.

വീട്ടിലെ അവസാനത്തെ പാത്രവും മുറിയില്‍ നിരന്നു കഴിഞ്ഞു. ചാണകം മെഴുകിയ തറയുടെ മൃദുലതയില്‍ ആസക്തിയോടെ ആഴ്ന്നിറങ്ങുകയാണ് മഴ!

.... പെയ്യട്ടെ! അതിന്റെ കലിയടങ്ങ്വോളം പെയ്യട്ടെ!

അടുത്തെവിടെയോ ഒരു റബ്ബര്‍ മരം കടപുഴകി വീഴുന്ന ശബ്ദം.

ഭാഗ്യം! ഉണ്ണി ഉണര്‍ന്നില്ല.

ഉണ്ണിയെ തൊട്ടിലിന്‍റെ മുഷിഞ്ഞ തുണിയില്‍ പൊതിഞ്ഞ് അവള്‍ മാറോടടക്കിപ്പിടിച്ചു. ജഠരാഗ്നിയുടെ ചൂടും, ഉള്ളിലെ നെരിപ്പോടില്‍ എരിയുന്ന വേദനകളുടെ ചൂരും അവള്‍ തന്റെ മാറിലേക്കാവാഹിച്ചു.

.... എന്റെ പൊന്നുണ്ണീ!

കൈകാലിളക്കി ഞെട്ടി നിവര്‍ന്നെങ്കിലും അവന്‍ സുഖമായുറങ്ങുകയായിരുന്നു. അവന്‍റെ ഇളം ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി മിന്നിയോ എന്നവള്‍ സംശയിച്ചു.

.... സ്വപ്നം കണ്ടുറങ്ങുകയാവും!

ക്ഷീണിതമായ അവളുടെ മനസ് സ്മൃതിയുടെ നിറം മങ്ങിയ ചിത്രങ്ങളിലേക്ക് പടിയിറങ്ങി. കാലം കറുപ്പ്പൂശിയ മരത്തൂണുകള്‍ക്ക് മറവില്‍ ഒളിച്ചു കളിച്ചിരുന്ന ബാല്യം.

തനിക്ക് അപരിചിതമായ കാര്യങ്ങള്‍ ഉറക്കെ പറഞ്ഞ് കലപില കൂട്ടുന്ന അച്ഛനുമമ്മയ്ക്കുമിടയില്‍ നിന്ന് മുത്തശ്ശിയുടെ നെഞ്ചിലേക്ക് ഒടിയണഞ്ഞ പെണ്‍കുട്ടിയുടെ നിറകണ്ണുകളെ അവള്‍ക്കോര്‍മയുണ്ട്! ശുഷ്കിച്ച വിരലുകള്‍ മുടിയിഴകളില്‍ പരതുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകളെ ആര്‍ദ്രമാക്കിയ വികാരമാണോ സ്നേഹം? അറിയില്ല!!

നിയമത്തിന്റെ കാവല്‍ക്കാര്‍ക്കു നടുവില്‍, തന്നെ ഭാഗം വയ്ക്കുമ്പോള്‍ അച്ഛന്‍റെ കണ്ണുകളില്‍ കണ്ടതോ, അമ്മയുടെ ചുണ്ടുകളില്‍ വിതുമ്പിയതോ സ്നേഹം?.... അറിയില്ല!!

ഏകാന്തമായ ട്യൂഷന്‍ സായാഹ്നങ്ങളില്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ചെവി തിരുമ്മുമ്പോള്‍, കൈവിരലുകള്‍ കവിളിലും കഴുത്തിലുമോടിച്ച് ഇക്കിളിയാക്കിയത് സ്നേഹം കൊണ്ടാണോ?... അറിയില്ല!!

മഴവില്ലിലും മരക്കൊമ്പിലും അലറുന്ന കടലിന്‍റെ തീരങ്ങളിലും അവള്‍ തനിക്കന്ന്യമായ ആ വികാരത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ തേടി. കണ്ട ചിത്രങ്ങളിലും, വരികള്‍ക്കിടയില്‍ അര്‍ത്ഥമൊളിപ്പിച്ച വാരികകളിലും അവള്‍ സ്നേഹത്തിന്‍റെ നിര്‍വചനം സ്വയം കണ്ടെത്തി.

നിറം പിടിപ്പിച്ച ചുള്ളിക്കമ്പുകളില്‍ പ്രേമത്തിന്‍റെ പച്ചിലകള്‍ വിതറിയ വാരിക്കുഴി അവള്‍ തിരിച്ചറിഞ്ഞില്ല. തിരിച്ചു വരാനാകാതെ അഗാധതയിലേക്ക് കാല്‍ വഴുതി വീഴുമ്പോള്‍ ഉള്ളിലെ ചിതയില്‍ സ്വത്വം എരിഞ്ഞടങ്ങുകയായിരുന്നു.

അപ്രതീക്ഷിതമായ ഒരു വെള്ളിടിയില്‍ ഉണ്ണി ഉണര്‍ന്നു കരയാന്‍ തുടങ്ങി.

ഓര്‍മ്മകളില്‍ നിന്നുണര്‍ന്ന് ഉണ്ണിയെ മുലയൂട്ടുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് നീര്‍ചാലുകള്‍ പുറത്തേക്കൊഴുകി.

പടുകുഴിയില്‍ തളര്‍ന്നുവീണ താരുണ്യത്തിനു നേരെ പറന്നുവന്ന കഴുകന്മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ വൃഥാ ശ്രമിച്ചു. കൂര്‍ത്ത നഖങ്ങളും ചുണ്ടുകളും തട്ടിയെറിഞ്ഞ് കൈകള്‍ തളര്‍ന്നപ്പോള്‍ ആര്‍ത്തിയോടെ അവ മാംസം കൊത്തി വലിക്കുകയായിരുന്നു.

മുലക്കണ്ണുകളില്‍ വേദന അസഹ്യമായപ്പോള്‍ ഉണ്ണിയെ അവള്‍ എടുത്തുമാറ്റി. വിശപ്പിന്‍റെ ക്ഷീണത്താലാണോ, അതോ കരഞ്ഞാലും പാലുകിട്ടില്ലെന്ന തിരിച്ചറിവാണോ - ഉണ്ണി വേഗം ഉറങ്ങി.

.... ഈ നശിച്ച മഴ! ആഹാരം കിട്ടാനുള്ള വക പോലും കിട്ടാണ്ടാക്കി!!

ആടിത്തിമിര്‍ത്ത മഴയുടെ അവരോഹണമായി.

ദ്രവിച്ചിളകിയ വാതില്‍പ്പാളിക്കിടയിലൂടെ ക്ഷണിക്കാതെ വന്ന കുഞ്ഞഥിതിയെ ചൂലുകൊണ്ട് തട്ടിപ്പുറത്താക്കുമ്പോഴാണ് നേരം സന്ധ്യ കഴിഞ്ഞെന്ന് അവളറിഞ്ഞത്!

മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ അവള്‍ ക്ലാവു പിടിച്ച മണ്ണെണ്ണവിളക്ക് തെളിയിച്ചു. നനവെത്താത്ത ഒരു മൂലയില്‍ പായ വിരിച്ചു.

പുറത്തു ചെളിവെള്ളത്തില്‍ ആരുടേതെന്നറിയാത്ത പാദചലനങ്ങള്‍....!

അവള്‍ നിവര്‍ന്നിരുന്ന് കാതോര്‍ത്തു.

"...ഞാനാ! വാതില് തൊറക്ക്!!" അടക്കിപ്പിടിച്ച ആ പരുക്കന്‍ ശബ്ദം അവള്‍ തിരിച്ചറിഞ്ഞു.

ജന്നാലക്കരികിലിരുന്ന പൊട്ടിയ കണ്ണാടിയും പൊതിക്കെട്ടുമെടുത്ത്‌ വിളക്കിന് മുന്നില്‍ കുനിഞ്ഞിരിക്കുമ്പോള്‍ അവള്‍ ഉണ്ണിയെ നോക്കി!

അവന്‍ വിശന്നുറങ്ങുകയാണ്...!

മുഷിഞ്ഞ സാരിത്തുമ്പില്‍ വിരല്‍ തിരുകി, കണ്‍പോളകളിലും കവിളുകളിലും ഉണങ്ങിനിന്ന നീര്‍ചാലുകള്‍ തുടച്ചുകളഞ്ഞു. പ്ലാസ്റ്റിക് കവറിനുള്ളില്‍ ഭദ്രമായി വച്ചിരുന്ന കണ്‍മഷിയെടുത്തെഴുതി, നെറ്റിയില്‍ കുങ്കുമം തൊട്ടു. പഴകിയ പത്രക്കടലാസില്‍ പൊതിഞ്ഞു വച്ച സുഗന്ധം മുഖത്തും കഴുത്തിലും കക്ഷങ്ങളിലും പൂശി അവള്‍ എഴുന്നേറ്റു. എല്ലാം തിരികെ വച്ച് മടിക്കുത്ത്‌ അല്പം താഴോട്ടാക്കി വശ്യമായ ചിരിയോടെ അവള്‍ വാതില്‍ തുറന്നു.

പനമ്പായയില്‍ ചലിക്കുന്ന മാംസപിണ്ഡമായി നോവുകളേറ്റു വാങ്ങുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു: "ഉണ്ണിക്ക് നാളേക്ക് എന്തെങ്കിലും...!"

മഴ തോര്‍ന്നു കഴിഞ്ഞു.

ഉണ്ണി അപ്പോഴും ശാന്തനായി ഉറങ്ങുകയാണ്. സ്വപ്നങ്ങളും കണ്ട്....!!