Tuesday, January 19, 2010

പുനര്‍ജ്ജന്മം

തറവാട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം പേടിയുള്ള സ്ഥലമായിരുന്നു പിന്‍വശത്ത് അല്‍പ്പം മാറിയുള്ള കിണര്‍. അന്ന് ആ കിണറിനു അരമതില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പിള്ളേര്‍ക്ക് കിണറിനുസമീപത്തേക്ക് പോകാന്‍ കര്‍ശനവിലക്കുണ്ടായിരുന്ന സമയമാണ്. കിണറിനപ്പുറത്താണെങ്കില്‍ ധാരാളം കൊങ്ങിണിപ്പൂക്കള്‍ തിങ്ങിനിറഞ്ഞു വളര്‍ന്നിരുന്നു. പൂക്കള്‍ പറിക്കാനുള്ള ആഗ്രഹം കണിശമാണെങ്കിലും, അമ്മമാരുടെ വകയായുള്ള തല്ലുപേടിച്ചു ഞങ്ങളാരും ആ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

വീട്ടാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത് ഈ കിണറ്റില്‍ നിന്നായിരുന്നു. അന്നെല്ലാം ഒരു പ്രത്യേകരീതിയിലായിരുന്നു വെള്ളം കോരിയിരുന്നത്. കിണറിനുകുറുകെ കാല്‍ ചവിട്ടാന്‍ പാകത്തില്‍ ഒരു തടിക്കഷണം ഇട്ടിരുന്നു. അതില്‍ ഒരു കാല്‍ ചവിട്ടിനിന്നു ചെറിയകുടത്തില്‍ കയര്‍ക്കുടുക്കിട്ട് വെള്ളം കോരിയെടുത്തു വലിയകുടങ്ങള്‍ നിറയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. കിണര്‍ എന്നാല്‍ അതു ഒരു ഒന്നൊന്നര കിണര്‍ തന്നെയായിരുന്നു. ആ കിണര്‍ ഇതുവരെയും പൂര്‍ണ്ണമായി വറ്റിക്കണ്ടിട്ടില്ല, മാത്രമല്ല പണ്ടുകാലത്ത് നിര്‍മ്മിച്ച കിണറായതുകൊണ്ട് സാധാരണ കിണറുകളെക്കാള്‍ വട്ടവും ആഴവും ആ കിണറിനുണ്ടായിരുന്നു.

മേമയുടെ കല്യാണത്തലേദിവസം. എനിക്കന്നു മൂന്നുവയസ്സിനടുത്തു പ്രായം. കല്ല്യാണതിരക്ക് പ്രമാണിച്ച് എന്‍റെ അമ്മയും, വല്യമ്മ-ചെറിയമ്മമാരുമെല്ലാം വെള്ളം കോരുന്ന തിരക്കിലാണ്. കൈമാറി കൈമാറിയാണ് വെള്ളം കോരല്‍ നടക്കുന്നത്. അമ്മയാണ് വെള്ളം കോരിനിറച്ചുകൊണ്ടിരുന്നത്. ഞാനാണെങ്കില്‍ അമ്മയെച്ചുറ്റിപ്പറ്റിയാണ് നടക്കുന്നത് തന്നെ. അന്നുമിന്നും അമ്മയെക്കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഇതിനെചോല്ലി എല്ലാവരും എന്നെ കളിയാക്കിയിരുന്നു. എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിനടക്കുന്ന എന്നെ അമ്മയുടെ കൂടെയല്ലാതെ കാണാന്‍ വിഷമമായിരുന്നു. അതുകൊണ്ടാണ് കിണറിനടുത്തു നില്‍ക്കുന്നത് തന്നെ.

ആ സമയത്താണ് ഒരു കാരണവര്‍ അതുവഴി വന്നത്. അമ്മയോട് സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം എന്നെ കലുപ്പിച്ചു നോക്കിയിട്ട് അമ്മയോട് പറഞ്ഞു. "സുമ്വോ, ഈ ചെക്കനെ കിണറ്റിനടുത്തൂന്നു മാറ്റി നിര്‍ത്തണണ്ടോ നീയ്യ്? വല്ലതും പറ്റിയിട്ടു പിന്നെ... ങ്ഹാ." കാര്‍ന്നോര്‍ അത്രയും പറഞ്ഞുനിര്‍ത്തി. എന്നിട്ട് എന്നെ ഒന്നുകൂടി കലുപ്പിച്ചു നോക്കിയശേഷം തോളിലെ തോര്‍ത്തെടുത്ത് ഒന്ന് കുടഞ്ഞു തല്‍സ്ഥാനത്ത് നിക്ഷേപിച്ച് തന്റെ യാത്ര തുടര്‍ന്നു.

അതുകേട്ടപ്പോള്‍ അമ്മ എന്നോടു പറഞ്ഞു. "നിന്നോടെത്ര നേരായി ഞാന്‍ പറഞ്ഞോണ്ടിരിക്കുണു, വഴക്ക് കേക്കണതു മുഴുവന്‍ എനിക്കാ, കുട്ടികളായാല്‍ പറഞ്ഞാല്‍ കേള്‍ക്കണം, കിണറിനടുത്തുവരാതെ അപ്പുറത്ത് പോയി കളിക്ക് കുട്ടാ, അമ്മ വെള്ളം കോരിക്കഴിഞ്ഞു വരാം."
 
ഞാനാണെങ്കില്‍ അതൊന്നും കേട്ടഭാവം നടിക്കാതെ നിറച്ച കുടത്തില്‍ കയ്യിട്ടു വെള്ളം തെറിപ്പിച്ചു കളിക്കുകയായിരുന്നു. പറഞ്ഞത് കേള്‍ക്കാഞ്ഞതും പോരാഞ്ഞു ഇതുംകൂടി കണ്ടപ്പോള്‍ അമ്മക്ക് ദേഷ്യം വന്നു. "വെള്ളത്തില്‍ കളിച്ചു ഈ ഉടുപ്പൊക്കെ നനച്ചാല്‍ നല്ല പെട വെച്ചുതരും ഞാന്‍, പറഞ്ഞില്ലാന്നു വേണ്ട. പോ, അപ്പുറത്ത് പോയി കളിക്ക് ... ഊം .." നനഞ്ഞ കൈ കൊണ്ട് അടികിട്ടിയാല്‍ നല്ല സുഖമുണ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ കുടത്തില്‍ നിന്നും കൈ പിന്‍വലിച്ചു. എന്നിട്ട് മനസ്സില്ലാമനസ്സോടെ അവിടെ നിന്നും പതുക്കെ നീങ്ങി. കിണറ്റിങ്കരയില്‍ നിന്നും ഞാന്‍ മാറിയെന്നു ഉറപ്പുവരുത്തിയശേഷം അമ്മ കുടം രണ്ടും നിറച്ചുകഴിഞ്ഞ് അതുമായി നടന്നു നീങ്ങി.

ഞാനിനി അടുത്ത പരിപാടിയെന്തെന്നു ആലോചിച്ചുനില്‍ക്കുമ്പോഴാണ് കിണറിനപ്പുറത്ത് കൊങ്ങിണിക്കൂട്ടത്തില്‍ ഒരു തുമ്പി വന്നിരുന്നത് കണ്ടത്. പിന്നൊന്നും ആലോചിച്ചില്ല. തുമ്പിയെപ്പിടിക്കുവാനായി പമ്മിപ്പമ്മി ചെന്നു. ശ്രദ്ധയെല്ലാം തുമ്പിയുടെ ചലനത്തില്‍ കേന്ദ്രീകരിച്ചിരുന്നതിനാല്‍ താഴേക്കുനോക്കിയതേയില്ല. വെള്ളംകോരുന്നതിന്റെ ഫലമായി കിണറിന്റെ വശങ്ങളിലെല്ലാം നനവുണ്ടായിരുന്നതിനാല്‍ കിണറിന്റെ വക്കില്‍ ചവിട്ടിയതും കാല്‍ തെന്നിയതും ഒരുമിച്ചായിരുന്നു. "അമ്മേ"ന്നു വിളിച്ചുകൊണ്ട് ഞാന്‍ കിണറ്റില്‍ വീണു. വീണ ആക്കത്തില്‍ ആഴത്തില്‍ മുങ്ങിപ്പോയി. നിലവിളിച്ചു. വെള്ളത്തില്‍ നിലവിളിച്ചിട്ടെന്തു കാര്യം. പിന്നെ പൊങ്ങി. വെള്ളത്തില്‍ കൈകാലിട്ടടിച്ചു. മൂക്കിലും വായിലും വെള്ളം കയറി. ശ്വാസം മുട്ടി. പിന്നെയും മുങ്ങി. കണ്ണെല്ലാം തുറിച്ചു. വെള്ളത്തിനപ്പോള്‍ കൊല്ലുന്ന തണുപ്പായിരുന്നു. വെള്ളം കൊണ്ടുപോവുകയായിരുന്ന അമ്മ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു. കൊണ്ടുപോയ കുടം അവിടെയിട്ടു അമ്മ കിണറ്റിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച മകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതായിരുന്നു. "അയ്യോ, എന്‍റെ കുട്ടീ" എന്ന് നിലവിളിച്ചുകൊണ്ട് അമ്മയും കിണറ്റിലേക്കെടുത്തുചാടി. നീന്തലറിയാമായിരുന്ന അമ്മ മുങ്ങിപ്പോകാനിരുന്ന എന്നെ പൊക്കിപ്പിടിച്ചുകൊണ്ട് കിണറിന്റെ വശത്തേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോഴേക്കും വീട്ടുകാരും അയല്‍ക്കാരുമെല്ലാം ഓടിക്കൂടിയിരുന്നു. ആളുകള്‍ കയറെടുക്കാനോടുന്നു. കസേര കൊണ്ടുവരുന്നു. വെപ്രാളം കാരണം അമ്മയുടെ ബോധം മറഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴും എന്നെ സുരക്ഷിതസ്ഥാനത്ത് അമ്മ ചേര്‍ത്ത് നിര്‍ത്തിയിരുന്നു.

ഒരുവിധത്തില്‍ ഞങ്ങള്‍ രണ്ടുപേരെയും നാട്ടുകാര്‍ പുറത്തെടുത്തു. വയറില്‍ അമര്‍ത്തിയും, തലകീഴായി തൂക്കിപ്പിടിച്ചുമുള്ള കുറെ പ്രയോഗങ്ങള്‍ക്കു ശേഷമാണ് എന്‍റെ ബോധം തെളിഞ്ഞത്. ഈ സമയമത്രയും വീട്ടില്‍ കരച്ചിലും നിലവിളിയുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ, അങ്ങിനെ ഈ സംഭവം കാരണം കല്യാണവീടിനു ഒരു മരണവീടിന്റെ പ്രതീതിയുണ്ടായി. പാവം അമ്മയാണെങ്കില്‍ എന്നെ വിട്ടുമാറാതെ അടുത്തുതന്നെ ഇരിപ്പാണ്. അന്ന് വൈകുന്നേരമായപ്പോഴേക്കും എനിക്ക് പനിച്ചു തുടങ്ങി. പനിയെന്നു പറഞ്ഞാല്‍ പൊള്ളുന്ന പനി. അച്ഛന്‍ എന്നെയുമെടുത്തുകൊണ്ട് ഡോക്ടറുടെ അടുത്തേക്കോടി. പേടിക്കാനൊന്നുമില്ലെന്നും, കിണറിന്റെ ആഴമൊക്കെ അളന്നുവന്നതുകൊണ്ട് കുട്ടി പേടിച്ചതാണെന്നും, നീര് കെട്ടിയിട്ടുണ്ടെന്നും, രണ്ടുമൂന്നു ദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു കുറെ മരുന്നും എഴുതിക്കൊടുത്തു ഡോക്ടര്‍ ഞങ്ങളെ പറഞ്ഞുവിട്ടു. ഡോക്ടര്‍ പറഞ്ഞതുപോലെത്തന്നെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്‍റെ ക്ഷീണമെല്ലാം മാറി.
 
എന്തായാലും അന്നത്തെ സംഭവത്തോടെ കിണറിനോടുള്ള എന്‍റെ പേടി നിശ്ശേഷം മാറി. അതിനുശേഷം എത്രയോതവണ വീട്ടിലെയും മറ്റും കിണറുകളില്‍ പൊട്ടിയ കുടങ്ങളും, പന്തുകളും മറ്റും എടുക്കുവാനായി ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും തറവാട്ടിലേക്ക് പോകുമ്പോള്‍ പഴയ ആളുകളെല്ലാം "ആഹാ, സുമൂന്റെ മോനാ? പണ്ട് ആ കിണറ്റില്‍ വീണ കുട്ടിയല്ലേ?" എന്ന് ചോദിക്കാറുമുണ്ട്. അമ്മയ്ക്ക് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സംഭവം ഓര്‍ക്കുമ്പോള്‍ എന്തോ, ഒരു നടുക്കമാണ്.

അല്ലെങ്കില്‍ത്തന്നെ സ്വന്തം അമ്മയോടുള്ള കടപ്പാട് നമുക്കൊരിക്കലും തീര്‍ക്കാന്‍ കഴിയുന്നതല്ലല്ലോ, അങ്ങിനെയിരിക്കെ ഇളംപ്രായത്തില്‍ തന്നെ മരണക്കയത്തിലേക്ക് മുങ്ങിപ്പോകുമായിരുന്ന എനിക്ക് സ്വന്തം ജീവന്‍ പണയം വച്ച് വീണ്ടുമൊരു ജന്മം കൂടിതന്ന എന്‍റെ അമ്മയോടുള്ള കടപ്പാട് ഞാന്‍ എങ്ങിനെയാണ് വീട്ടേണ്ടത്‌? സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...

21 comments:

സുമേഷ് മേനോന്‍ said...

കിണറ്റില്‍ വീണ സന്ദര്‍ഭം എഴുതുമ്പോള്‍ ഞാന്‍ ഇപ്പോഴുമൊരു ശ്വാസം മുട്ടല്‍ അനുഭവിക്കുന്നു. എന്‍റെ പ്രിയപ്പെട്ട അമ്മക്ക് ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

ശ്രീ said...

ആ ശ്വാസം മുട്ടലും ഞെട്ടലുമെല്ലാം വായനക്കാര്‍ക്കും പകര്‍ന്നു കിട്ടുന്നുണ്ട്, ഈ വായനയിലൂടെ.

അമ്മയ്ക്കും മകനും ആശംസകള്‍!

അല്ലെങ്കിലും മക്കള്‍ക്ക് ഒരു ആപത്തു വരുമ്പോള്‍ അമ്മമാരുടെ ധൈര്യം അതൊന്ന് വേറെ തന്നെയാണ്. (എന്റെ അനുഭവത്തിലും ഒന്നു രണ്ടു സംഭവങ്ങള്‍ ഉണ്ട്. സമയം പോലെ എഴുതാം)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

എനിക്ക് സ്വന്തം ജീവന്‍ പണയം വച്ച് വീണ്ടുമൊരു ജന്മം കൂടിതന്ന എന്‍റെ അമ്മയോടുള്ള കടപ്പാട് ഞാന്‍ എങ്ങിനെയാണ് വീട്ടേണ്ടത്‌? സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...


അതെ അങ്ങനെ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു, ഏകദേശം ഇത് പോലെ തന്നെയായിരുന്നു എന്റെയും ബാല്യം. ഞാനും അമ്മയുടെ കുട്ടി തന്നെ. അതല്ലേ നമ്മുടെ ലോകം.

ഈ പോസ്റ്റ്‌ വായിച്ചു കണ്ണ് നനയിപ്പിച്ച ദുഷ്ടാ,

അമ്മക്ക് എല്ലാ വിധ ആയുരാരോഗ്യങ്ങളും നേരുന്നു, ഒപ്പം നിനക്കും ട്ടാ

വശംവദൻ said...

നല്ല വിവരണം! ആ കിണറ്റിൽ വീഴുന്ന സീൻ ഒക്കെ നേരിട്ട് ഫീൽ ചെയ്യുന്നുണ്ട്!!

അമ്മയ്ക്കും മകനും എല്ലാവിധ ആശംസകളും നേരുന്നു.

Manoraj said...

സുമേഷ്‌,

വളരെ നന്നായി പറഞ്ഞിരിക്കുന്നു.. കുറച്ചു നാളായി എന്റെ ഒരു അനുഭവം എഴുതണമെന്നു കരുതുന്നത്‌.. പിന്നെ, അത്‌ എനിക്ക്‌ കൃത്യമായി പ്രസന്റ്‌ ചെയ്യാൻ പറ്റുമോ എന്നുള്ള ഒരു തോന്നൽ മൂലം വേണ്ട എന്ന് വച്ചതാ.. സുമേഷ്‌ എന്നിൽ അപ്ലം കൂടി ആത്മവിശ്വാസം നൽകിയതു പോലെ.. സമയം പോലെ എഴുതാൻ ശ്രമിക്കാം.. എന്തൊ അനുഭവം അതുപോലെ തന്നെ എഴുതാൻ എനിക്ക്‌ കഴിയാറില്ല.. അതാവാം..

ഏതായാലും സുമേഷിന്റെ രണ്ടു വട്ടം ജീവൻ നൽകിയ..ഒപ്പം രണ്ടു വട്ടവും ജീവന്മരണ പോരാട്ടം നടത്തിയ അമ്മക്ക്‌ വേണ്ടി.. അഭിനന്ദനം വാക്കുകൾകക്തീതമാക്കട്ടെ.... ഇനിയും മികച്ച പോസ്റ്റുകളുമായി വരിക..

കുമാരന്‍ | kumaran said...

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...

തീര്‍ച്ചയായും.. ടച്ചിങ്ങായിട്ടെഴുതി.

വിനുവേട്ടന്‍|vinuvettan said...

ശരിയ്ക്കും ഒരു പുനര്‍ജ്ജന്മം...

സത്യം പറഞ്ഞാല്‍ അപകടങ്ങളില്‍ ഭൂരിഭാഗവും അശ്രദ്ധ കൊണ്ട്‌ തന്നെയല്ലേ ഉണ്ടാകുന്നത്‌...

എഴുത്ത്‌ നന്നായിരിക്കുന്നു എന്തായാലും.. ആശംസകള്‍..

പ്രദീപ്‌ said...

മാഷേ ഒരു സിനിമ കാണുന്നത് പോലെ തോന്നി .
ബാക്കി പറയാനുള്ളതൊക്കെ മുകളില്‍ മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു .
എങ്കിലും ഈ അമ്മയ്ക്കും മകനും ജീവിച്ചിരിക്കുന്നത്രയും കാലം സന്തോഷമായി ,ഒരുമിച്ചു ജീവിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .

അഭി said...

സുമേഷിന്റെ ആ ശ്വാസം മുട്ടല്‍ ശരിക്കും വായിക്കുന്ന ആള്‍ക്കും ഫീല്‍ ചെയും , വളരെ മനോഹരമായി അവതരിപിച്ചിട്ടുണ്ട് ...

പിന്നെ കിണറ്റിലേക്ക് അമ്മ ചാടി എന്നുളത് , അമ്മയല്ലാതെ ലോകത്തില്‍ വേറെ ആരും അത് ചെയ്യും എന്ന് തോന്നില്ല ............

സുമേഷ് മേനോന്‍ said...

ശ്രീ: ആദ്യ കമ്മന്റിനും വായനക്കും നന്ദി. തീര്‍ച്ചയായും ആ സമയത്ത് അമ്മമാര്‍ക്ക് അപാരധൈര്യം തന്നെയാ. മടിച്ചോ മാറിയോ നില്‍ക്കാതെ അനുഭവങ്ങള്‍ പോരട്ടെ..
കുറുപ്പേട്ടന്‍: തീര്‍ച്ചയായും കുറുപ്പെട്ടാ, അന്ന് അമ്മയെ ചുറ്റിപ്പറ്റിതന്നെയായിരുന്നു നമ്മുടെ ലോകം. അന്നുമിന്നും അമ്മയുടെ ഓമനയാണ്.. വളരെ നന്ദി.
വശംവദന്‍: വളരെ നന്ദി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍.
മനോരാജ്: തീര്‍ച്ചയായും നടന്ന സംഭവം അതേപടി പകര്‍ത്തുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. താങ്കള്‍ക്കു തീര്‍ച്ചയായും എഴുതാന്‍ സാധിക്കും. ധൈര്യമായി എഴുതൂ.. വളരെ നന്ദി, അഭിപ്രായത്തിനു.
കുമാരന്‍: റൊമ്പ നന്ദ്രി, വീണ്ടും വരണം.
വിനുവേട്ടന്‍: അതെ, അശ്രദ്ധ തന്നെയായിരുന്നു കാരണം, തുമ്പിയെ നോക്കി നടന്നപ്പോള്‍ കിണറിന്റെ കാര്യമേ മറന്നുപോയി. നന്ദി, സന്തോഷം. ഇവിടെ വന്നതിനും അഭിപ്രായത്തിനും.
പ്രദീപ്‌: സന്തോഷം മാഷെ, ഇപ്പോള്‍ ഞാന്‍ ഇവിടെയും, അമ്മ നാട്ടിലും. വളരെയധികം മിസ്സ്‌ ചെയ്യുന്നു.. എന്താ ചെയ്ക.?
അഭി: ഇവിടെ വന്നതില്‍ സന്തോഷം. തീര്‍ച്ചയായും അമ്മയ്കല്ലാതെ മറ്റാര്‍ക്കുമുണ്ടാകില്ല. നന്ദി, വീണ്ടും വരുക.

എനിക്കും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും എന്‍റെ നന്ദി ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.

Typist | എഴുത്തുകാരി said...

ഒരു പുനര്‍ജന്മം. വീണ്ടും ആ അമ്മയുടെ മകനായിട്ടു തന്നെ ജനിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ. മക്കള്‍ക്കു് ഇങ്ങിനെ തോന്നുന്നു എന്നതു തന്നെയാണ് ആ അമ്മക്കു കിട്ടാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം.

അമ്മ സന്തോഷ് ബ്രഹ്മി തന്നിരുന്നൂല്ലേ. മൂന്നാം വയസ്സിലെ കാര്യം ഇത്ര ഭംഗിയായി ഓര്‍ത്തെഴുതിയിരിക്കുന്നതു കണ്ടു ചോദിച്ചതാണേയ് :):)

കൊട്ടോട്ടിക്കാരന്‍... said...

ആത്മാര്‍ത്ഥതയുള്ള ഈ എഴുത്തിന് ആശംസകള്‍...

ഭായി said...

ഉള്ളില്‍ തട്ടുന്ന എഴുത്ത്!
അമ്മയെ കുറിച്ച് എത്ര എഴുതിയാലും മതിവരില്ല..ആ സ്നേഹം കാരുണ്യം വാത്സല്യം..അങിനെ അങിനെ...

##കിണറിന്റെ ആഴമൊക്കെ അളന്നുവന്നതുകൊണ്ട് കുട്ടി പേടിച്ചതാണെന്നും##

ഇവിടം വായിച്ചപ്പോള്‍ ചിരിച്ചുപോയി :-)

വിനയന്‍ said...

നന്നായിട്ടുണ്ട് :) ആശംസകൾ!

സുമേഷ് മേനോന്‍ said...

എഴുത്തുകാരി: ചേച്ചി, നന്ദി. ഇത് ഓര്‍ക്കാന്‍ സന്തോഷ്‌ ബ്രാഹ്മിയുടെ ആവശ്യം ഉണ്ടോ ചേച്ചി? ഈ ജന്മത്തില്‍ മറക്കാന്‍ കഴിയുന്ന കാര്യമായിരുന്നോ അത്? വീണ്ടും വരണേ...
കൊട്ടോട്ടിക്കാരന്‍: നന്ദി, സന്തോഷം, വീണ്ടും വരണേ...
ഭായി: സന്തോഷമുണ്ട് വന്നതില്‍, വീണ്ടും കാണണം.
വിനയന്‍: പടം പുലി, നന്ദി, വീണ്ടും വരണം ട്ടാ..

jayarajmurukkumpuzha said...

nanmakalnerunnu

അരുണ്‍ കായംകുളം said...

ആ അമ്മയുടെ മകനായി തന്നെ ഇനിയും പിറക്കാന്‍ കഴിയട്ടെ

mini//മിനി said...

അതൊരു അപാര ധൈര്യം തന്നെ.

pattepadamramji said...

വിവരണം ഭംഗിയായി. കുട്ടിക്കാലത്തെ ഓര്‍മ്മകളും കൊച്ചുകൊച്ചു സംഭവങ്ങളും ഓര്‍മ്മിക്കുന്നതിനു സുഖം കൂടും. എന്‍റെ നാട്ടില്‍ പഴയ കാലത്ത്‌ വെള്ളം കോരുന്നത് വേറൊരു തരത്തിലായിരുന്നു. തുറന്നു കിടക്കുന്ന കിണര്‍ തന്നെ പണ്ട് എല്ലായിടത്തും. വര്‍ണ്ണനയില്‍ കിണറിന്റെ ആഴം എനിക്ക് ഫീല്‍ ചെയ്യാത്ത പോലെ തോന്നി. ചിലപ്പോള്‍ ഞാന്‍ വായിച്ചു പോയപ്പോള്‍ കിണറിന്റെ മുകള്‍ ഭാഗം കാട് പിടിച്ച് കിടക്കുന്ന ഒരു ചിത്രം എന്‍റെ മനസ്സില്‍ നിന്നത് കൊണ്ടാകാം.

ആശംസകള്‍.

സുമേഷ് മേനോന്‍ said...

jayarajmurukkumpuzha : നന്ദി.

അരുണ്‍ കായംകുളം: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി, വീണ്ടും വരണേ..

mini//മിനി: സ്വാഗതം, ശരിയാ ടീച്ചറെ, അപാര ധൈര്യം തന്നെയാ. നന്ദി. വീണ്ടും കാണാം..

pattepadamramji : ഇവിടേയ്ക്ക് സ്വാഗതം, ശരിയാണ് വീഞ്ഞ് പോലെ തന്നെയാണ് ഓര്‍മകളും, പഴക്കമേറുന്തോറും മാധുര്യവും കൂടും. പിന്നെ ഞങ്ങളിതുവരെ ആ കിണര്‍ വറ്റിക്കണ്ടിട്ടില്ല. ഭയങ്കര ആഴമായിരുന്നു, പഴയ കിണറല്ലേ? ആശംസകള്‍ക്ക് നന്ദി. വീണ്ടും വരണം ട്ടാ...

Sukanya said...

വായിച്ചു. നല്ല വിവരണം. ഒരു അമ്മക്ക് മാത്രമേ ഇതിനു കഴിയു.
നമിക്കുന്നു ആ അമ്മയെ. എല്ലാ അമ്മമാരെയും.