Tuesday, March 9, 2010

കാത്തിരിപ്പ്‌

കുഞ്ഞിക്കാല്‍പ്പാദങ്ങളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കമെണീറ്റത്. കുറെയേറെ നാളുകള്‍ ഞാന്‍ ഉറങ്ങിപ്പോയോ എന്നെനിക്കു തോന്നിപ്പോയി. അത്രയേറെ ഉറക്കക്ഷീണം എന്‍റെ കണ്ണുകളെ ബാധിച്ചിരുന്നു. കഴിഞ്ഞ നാളുകളില്‍ സംഭവിച്ചതൊക്കെയും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അതെ, എല്ലാം ഒരു വെള്ളിത്തിരയില്‍ നിന്നെന്നപോലെ തെളിഞ്ഞുവരുന്നു. എല്ലാം ഇന്നലെ സംഭവിച്ചത് പോലെ!!

അവളുടെ വിടര്‍ന്ന മനോഹരമായ കണ്ണുകള്‍! ആ കണ്ണുകള്‍ക്ക്‌ ഒരു മാസ്മരികത ഉണ്ടായിരുന്നു. പിന്നെ എന്‍റെ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കുന്ന ആ ചുംബനം. ഇതായിരുന്നു സെലിന്‍. അവളുടെ മുടി ചുരുളിനുള്ളില്‍ കിടക്കുമ്പോള്‍ രാത്രികളും പകലുകളും ഞാനറിഞ്ഞിരുന്നതെയില്ല!!

അവളെ ആദ്യമായി പെണ്ണുകാണാന്‍ പോയതും പിന്നെ ആ വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഉടമയെ ഞാനെന്റെ ജീവിതത്തിലേക്ക് കൂട്ടിയതും ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു. ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിലും ഞങ്ങള്‍ ഒന്നായിരുന്നിരിക്കാം. അത്രയേറെ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഞാനെപ്പോഴും സെലിനോട് പറയുമായിരുന്നത് അവളെപ്പോലെ വിടര്‍ന്ന മനോഹരമായ കണ്ണുകളുള്ള ഒരു കൊച്ചുമോളെക്കുറിച്ചായിരുന്നു. സെലിന്‍ ഗര്‍ഭിണിയായപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനാണെന്ന് തോന്നി. അതു ഒരു മോള്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാനവള്‍ക്ക് വേണ്ടി തൊട്ടിലും കൊച്ചുടുപ്പുകളും കളിക്കോപ്പുകളും കൊണ്ട് വീടുനിറച്ചു. എന്‍റെ പിറക്കാത്ത മകള്‍ക്ക് ജനിഫര്‍ എന്ന് പേരിട്ടു. ഞാനവളെക്കുറിച്ചു ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ഒടുവില്‍ ആ ദിനം വന്നെത്തി. സെലിനെയും കൊണ്ട് ഞാന്‍ ലേബര്‍റൂമിലേക്ക്‌ പോകുമ്പോള്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്‍റെ കൈവിടുവിച്ചു എനിക്ക് ഒരു ചുംബനവും തന്നു അവള്‍ ലേബര്‍റൂമിലേക്ക്‌ പോയി.
ഇല്ല! പിന്നെയെനിക്കൊന്നും ഓര്‍മിക്കുവാന്‍ കഴിയുന്നില്ല. എന്‍റെ ഓര്‍മ്മയുടെ ചങ്ങലക്കണ്ണികള്‍ മുറിയുകയാണ്. ഏതോ അന്ധകാരം എന്‍റെ കണ്ണുകളെ മൂടിയതുപോലെ. ഞാന്‍ വീണ്ടും എനിക്കെന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. സെലിനെ ലേബര്‍റൂമില്‍ കയറ്റിയശേഷം മരുന്നു വാങ്ങാനായി പുറത്തിറങ്ങിയ എനിക്ക് നേരെ ഒരു കറുത്ത കാര്‍ ചീറിപ്പാഞ്ഞു വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോഴെനിക്ക്‌ എല്ലാം വ്യക്തമായി കാണാം! എന്‍റെ നിശ്ചലമായ ശരീരം കാണാം, ഒഴുകി പടരുന്ന രക്തം കാണാം, പിന്നെയെപ്പോഴോ എന്നെ ആരൊക്കെയോ ചേര്‍ന്ന് ഈ ഇരുട്ടറയിലേക്ക് തള്ളി.

എന്‍റെ സ്വന്തം രക്തത്തില്‍ പിറന്ന ജനിമോളുടെ മുഖം കാണാതെ, എന്‍റെ എല്ലാമെല്ലാമായ സെലിന്‍റെ ചുംബനമില്ലാതെ എത്രനാളായി ഞാനീ ഇരുട്ടറയില്‍ കിടക്കുന്നു. ദിവസങ്ങള്‍, ആഴ്ചകള്‍ അല്ല മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയത് ഞാനറിഞ്ഞില്ല!

കഷ്ടിച്ച് ഒരു വര്‍ഷംപോലും തികയാത്ത എന്‍റെ ദാമ്പത്യത്തിനു എത്ര പെട്ടെന്നാണ് തിരശീല വീണത്‌. എന്‍റെ വേര്‍പാട് സെലിനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടാവും. അവള്‍ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും? അച്ഛനില്ലാതെ വളരേണ്ടിവരുന്ന ജനിമോളുടെ അവസ്ഥ, ഈ ലോകത്തില്‍വച്ചേറ്റവും കൂടുതല്‍ അവളെ സ്നേഹിച്ചിട്ടുള്ള ഒരച്ഛന്‍ ഉണ്ടെന്നു എന്നെങ്കിലും അവള്‍ അറിയുമ്പോള്‍, ആ അച്ഛനെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്നുള്ള സത്യം അവള്‍ മനസ്സിലാക്കുമ്പോള്‍, ആ കൊച്ചു മനസ്സ് എത്രമാത്രം വേദനിക്കും? ഇപ്പോള്‍ ഞാനൊരു നീണ്ട കാത്തിരിപ്പിലാണ്. കഴിഞ്ഞ വര്‍ഷം സെലിന്‍ എന്‍റെ ശവക്കല്ലറയില്‍ മെഴുകുതിരി കത്തിക്കാന്‍ വന്നപ്പോള്‍ അടുത്ത വര്‍ഷം മോളെയും കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതെ, ഞാനെന്‍റെ മോളെ കാണാന്‍ പോകുന്നു. എന്‍റെ ജനിമോള്‍, ഈ ലോകത്തില്‍ ഞാന്‍ ജീവിച്ചിരുന്നു എന്നതിന്‍റെ ഒരേയൊരു തെളിവ്. ഇനി ലോകം അവളിലൂടെയായിരിക്കും എന്നെ അറിയുക. സെലിന്‍ മെഴുകുതിരി കത്തിച്ച് പോയത് മുതല്‍ ഞാന്‍ കാത്തിരിക്കുകയാണ്. എന്‍റെ ജനിമോളെ! അവളെ സ്വപ്നം കണ്ടു കണ്ടു എപ്പോഴോ ഞാനുറങ്ങിപ്പോയി.

അവളുടെ കുഞ്ഞിക്കാല്‍പ്പാദങ്ങളുടെ ശബ്ദം കേട്ട് ഞാന്‍ കണ്‍‌തുറന്നു. അതാ എന്‍റെ ജനിമോള്‍. ഞാന്‍ മനസ്സിലുദ്ദേശിച്ച അതെ രൂപം. വിടര്‍ന്ന മനോഹരമായ കൊച്ചുകണ്ണുകളുള്ള കൊച്ചുസുന്ദരി. സെലിന്‍ പറയുന്നത് കേട്ട് അവള്‍ ശവക്കല്ലറയിലേക്ക് നോക്കി. പപ്പാ പപ്പാ എന്ന് വിളിക്കുന്നു. ആ വിളി എന്‍റെ ആത്മാവിന്റെ അന്തരംഗങ്ങളിലൂടെ  കടന്നുപോകുന്നു. എന്‍റെ പൊന്നുമോളെ നിന്നെ വാരിയെടുത്ത് നിന്‍റെ കൊച്ചുകവിളില്‍ ഉമ്മവെക്കണമെന്നുണ്ട്. ഇല്ല എനിക്കതിനു കഴിയുന്നില്ലല്ലോ? എന്‍റെ എല്ലാമെല്ലാമായ സെലിനെ സമാശ്വസിപ്പിക്കാനും എനിക്ക് കഴിയുന്നില്ലല്ലോ?
എന്‍റെ സെലിന്‍ ഒരുപാടു ക്ഷീണിച്ചിരിക്കുന്നു. അവളുടെ കണ്‍തടം  കറുത്തിരിക്കുന്നു. അവളുടെ വിടര്‍ന്ന കണ്ണുകളുടെ ചേതനയറ്റിരിക്കുന്നു. കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുകളിലൂടെ ചോര ഊറിവരുന്നതായി എനിക്കനുഭവപ്പെടുന്നു. അവളുടെ കണ്ണുനീര്‍ ഒരു പ്രളയമായി വന്ന് എന്നെയും എന്‍റെ ജനിമോളെയും ഈ ലോകത്തെ തന്നെയും വിഴുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു. വേണ്ട, എന്‍റെ ജീവിതത്തിന്‍റെ ബാക്കിപത്രമായി അവളും എന്‍റെ ജനിമോളും ജീവിക്കട്ടെ. ഞാന്‍ പൂര്‍ത്തീകരിക്കാതെ പോയ എന്‍റെ ആഗ്രഹങ്ങളെയും ജനിമോള്‍ നിറവേറ്റട്ടെ. ജനിയും പിന്നെ അവള്‍ക്കു പിറക്കുന്ന കുട്ടികളിലൂടെയും ലോകം എന്നെ ഓര്‍ക്കട്ടെ.

എന്നാലും സെലിന്‍, നിന്നെയും നമ്മുടെ മോളെയും ഞാന്‍ കാണുന്നുണ്ടെന്ന കാര്യം നീ അറിഞ്ഞിരുന്നെങ്കില്‍! അവളുടെ വിളി ഞാന്‍ കേള്‍ക്കുന്നുണ്ടെന്നെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍.....
ഇനി എന്‍റെ കാത്തിരിപ്പ്‌ തുടരട്ടെ! അടുത്തവര്‍ഷം സെലിനും ജനിമോളും വീണ്ടും വരുന്നത് വരെ!