Tuesday, March 9, 2010

കാത്തിരിപ്പ്‌

കുഞ്ഞിക്കാല്‍പ്പാദങ്ങളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കമെണീറ്റത്. കുറെയേറെ നാളുകള്‍ ഞാന്‍ ഉറങ്ങിപ്പോയോ എന്നെനിക്കു തോന്നിപ്പോയി. അത്രയേറെ ഉറക്കക്ഷീണം എന്‍റെ കണ്ണുകളെ ബാധിച്ചിരുന്നു. കഴിഞ്ഞ നാളുകളില്‍ സംഭവിച്ചതൊക്കെയും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അതെ, എല്ലാം ഒരു വെള്ളിത്തിരയില്‍ നിന്നെന്നപോലെ തെളിഞ്ഞുവരുന്നു. എല്ലാം ഇന്നലെ സംഭവിച്ചത് പോലെ!!

അവളുടെ വിടര്‍ന്ന മനോഹരമായ കണ്ണുകള്‍! ആ കണ്ണുകള്‍ക്ക്‌ ഒരു മാസ്മരികത ഉണ്ടായിരുന്നു. പിന്നെ എന്‍റെ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കുന്ന ആ ചുംബനം. ഇതായിരുന്നു സെലിന്‍. അവളുടെ മുടി ചുരുളിനുള്ളില്‍ കിടക്കുമ്പോള്‍ രാത്രികളും പകലുകളും ഞാനറിഞ്ഞിരുന്നതെയില്ല!!

അവളെ ആദ്യമായി പെണ്ണുകാണാന്‍ പോയതും പിന്നെ ആ വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഉടമയെ ഞാനെന്റെ ജീവിതത്തിലേക്ക് കൂട്ടിയതും ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു. ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിലും ഞങ്ങള്‍ ഒന്നായിരുന്നിരിക്കാം. അത്രയേറെ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഞാനെപ്പോഴും സെലിനോട് പറയുമായിരുന്നത് അവളെപ്പോലെ വിടര്‍ന്ന മനോഹരമായ കണ്ണുകളുള്ള ഒരു കൊച്ചുമോളെക്കുറിച്ചായിരുന്നു. സെലിന്‍ ഗര്‍ഭിണിയായപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനാണെന്ന് തോന്നി. അതു ഒരു മോള്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാനവള്‍ക്ക് വേണ്ടി തൊട്ടിലും കൊച്ചുടുപ്പുകളും കളിക്കോപ്പുകളും കൊണ്ട് വീടുനിറച്ചു. എന്‍റെ പിറക്കാത്ത മകള്‍ക്ക് ജനിഫര്‍ എന്ന് പേരിട്ടു. ഞാനവളെക്കുറിച്ചു ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ഒടുവില്‍ ആ ദിനം വന്നെത്തി. സെലിനെയും കൊണ്ട് ഞാന്‍ ലേബര്‍റൂമിലേക്ക്‌ പോകുമ്പോള്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്‍റെ കൈവിടുവിച്ചു എനിക്ക് ഒരു ചുംബനവും തന്നു അവള്‍ ലേബര്‍റൂമിലേക്ക്‌ പോയി.
ഇല്ല! പിന്നെയെനിക്കൊന്നും ഓര്‍മിക്കുവാന്‍ കഴിയുന്നില്ല. എന്‍റെ ഓര്‍മ്മയുടെ ചങ്ങലക്കണ്ണികള്‍ മുറിയുകയാണ്. ഏതോ അന്ധകാരം എന്‍റെ കണ്ണുകളെ മൂടിയതുപോലെ. ഞാന്‍ വീണ്ടും എനിക്കെന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. സെലിനെ ലേബര്‍റൂമില്‍ കയറ്റിയശേഷം മരുന്നു വാങ്ങാനായി പുറത്തിറങ്ങിയ എനിക്ക് നേരെ ഒരു കറുത്ത കാര്‍ ചീറിപ്പാഞ്ഞു വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോഴെനിക്ക്‌ എല്ലാം വ്യക്തമായി കാണാം! എന്‍റെ നിശ്ചലമായ ശരീരം കാണാം, ഒഴുകി പടരുന്ന രക്തം കാണാം, പിന്നെയെപ്പോഴോ എന്നെ ആരൊക്കെയോ ചേര്‍ന്ന് ഈ ഇരുട്ടറയിലേക്ക് തള്ളി.

എന്‍റെ സ്വന്തം രക്തത്തില്‍ പിറന്ന ജനിമോളുടെ മുഖം കാണാതെ, എന്‍റെ എല്ലാമെല്ലാമായ സെലിന്‍റെ ചുംബനമില്ലാതെ എത്രനാളായി ഞാനീ ഇരുട്ടറയില്‍ കിടക്കുന്നു. ദിവസങ്ങള്‍, ആഴ്ചകള്‍ അല്ല മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയത് ഞാനറിഞ്ഞില്ല!

കഷ്ടിച്ച് ഒരു വര്‍ഷംപോലും തികയാത്ത എന്‍റെ ദാമ്പത്യത്തിനു എത്ര പെട്ടെന്നാണ് തിരശീല വീണത്‌. എന്‍റെ വേര്‍പാട് സെലിനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടാവും. അവള്‍ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും? അച്ഛനില്ലാതെ വളരേണ്ടിവരുന്ന ജനിമോളുടെ അവസ്ഥ, ഈ ലോകത്തില്‍വച്ചേറ്റവും കൂടുതല്‍ അവളെ സ്നേഹിച്ചിട്ടുള്ള ഒരച്ഛന്‍ ഉണ്ടെന്നു എന്നെങ്കിലും അവള്‍ അറിയുമ്പോള്‍, ആ അച്ഛനെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്നുള്ള സത്യം അവള്‍ മനസ്സിലാക്കുമ്പോള്‍, ആ കൊച്ചു മനസ്സ് എത്രമാത്രം വേദനിക്കും? ഇപ്പോള്‍ ഞാനൊരു നീണ്ട കാത്തിരിപ്പിലാണ്. കഴിഞ്ഞ വര്‍ഷം സെലിന്‍ എന്‍റെ ശവക്കല്ലറയില്‍ മെഴുകുതിരി കത്തിക്കാന്‍ വന്നപ്പോള്‍ അടുത്ത വര്‍ഷം മോളെയും കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതെ, ഞാനെന്‍റെ മോളെ കാണാന്‍ പോകുന്നു. എന്‍റെ ജനിമോള്‍, ഈ ലോകത്തില്‍ ഞാന്‍ ജീവിച്ചിരുന്നു എന്നതിന്‍റെ ഒരേയൊരു തെളിവ്. ഇനി ലോകം അവളിലൂടെയായിരിക്കും എന്നെ അറിയുക. സെലിന്‍ മെഴുകുതിരി കത്തിച്ച് പോയത് മുതല്‍ ഞാന്‍ കാത്തിരിക്കുകയാണ്. എന്‍റെ ജനിമോളെ! അവളെ സ്വപ്നം കണ്ടു കണ്ടു എപ്പോഴോ ഞാനുറങ്ങിപ്പോയി.

അവളുടെ കുഞ്ഞിക്കാല്‍പ്പാദങ്ങളുടെ ശബ്ദം കേട്ട് ഞാന്‍ കണ്‍‌തുറന്നു. അതാ എന്‍റെ ജനിമോള്‍. ഞാന്‍ മനസ്സിലുദ്ദേശിച്ച അതെ രൂപം. വിടര്‍ന്ന മനോഹരമായ കൊച്ചുകണ്ണുകളുള്ള കൊച്ചുസുന്ദരി. സെലിന്‍ പറയുന്നത് കേട്ട് അവള്‍ ശവക്കല്ലറയിലേക്ക് നോക്കി. പപ്പാ പപ്പാ എന്ന് വിളിക്കുന്നു. ആ വിളി എന്‍റെ ആത്മാവിന്റെ അന്തരംഗങ്ങളിലൂടെ  കടന്നുപോകുന്നു. എന്‍റെ പൊന്നുമോളെ നിന്നെ വാരിയെടുത്ത് നിന്‍റെ കൊച്ചുകവിളില്‍ ഉമ്മവെക്കണമെന്നുണ്ട്. ഇല്ല എനിക്കതിനു കഴിയുന്നില്ലല്ലോ? എന്‍റെ എല്ലാമെല്ലാമായ സെലിനെ സമാശ്വസിപ്പിക്കാനും എനിക്ക് കഴിയുന്നില്ലല്ലോ?
എന്‍റെ സെലിന്‍ ഒരുപാടു ക്ഷീണിച്ചിരിക്കുന്നു. അവളുടെ കണ്‍തടം  കറുത്തിരിക്കുന്നു. അവളുടെ വിടര്‍ന്ന കണ്ണുകളുടെ ചേതനയറ്റിരിക്കുന്നു. കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുകളിലൂടെ ചോര ഊറിവരുന്നതായി എനിക്കനുഭവപ്പെടുന്നു. അവളുടെ കണ്ണുനീര്‍ ഒരു പ്രളയമായി വന്ന് എന്നെയും എന്‍റെ ജനിമോളെയും ഈ ലോകത്തെ തന്നെയും വിഴുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു. വേണ്ട, എന്‍റെ ജീവിതത്തിന്‍റെ ബാക്കിപത്രമായി അവളും എന്‍റെ ജനിമോളും ജീവിക്കട്ടെ. ഞാന്‍ പൂര്‍ത്തീകരിക്കാതെ പോയ എന്‍റെ ആഗ്രഹങ്ങളെയും ജനിമോള്‍ നിറവേറ്റട്ടെ. ജനിയും പിന്നെ അവള്‍ക്കു പിറക്കുന്ന കുട്ടികളിലൂടെയും ലോകം എന്നെ ഓര്‍ക്കട്ടെ.

എന്നാലും സെലിന്‍, നിന്നെയും നമ്മുടെ മോളെയും ഞാന്‍ കാണുന്നുണ്ടെന്ന കാര്യം നീ അറിഞ്ഞിരുന്നെങ്കില്‍! അവളുടെ വിളി ഞാന്‍ കേള്‍ക്കുന്നുണ്ടെന്നെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍.....
ഇനി എന്‍റെ കാത്തിരിപ്പ്‌ തുടരട്ടെ! അടുത്തവര്‍ഷം സെലിനും ജനിമോളും വീണ്ടും വരുന്നത് വരെ!

39 comments:

സുമേഷ് | Sumesh Menon said...

എന്നാലും സെലിന്‍, നിന്നെയും നമ്മുടെ മോളെയും ഞാന്‍ കാണുന്നുണ്ടെന്ന കാര്യം നീ അറിഞ്ഞിരുന്നെങ്കില്‍! അവളുടെ വിളി ഞാന്‍ കേള്‍ക്കുന്നുണ്ടെന്നെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍.....
ഇനി എന്‍റെ കാത്തിരിപ്പ്‌ തുടരട്ടെ! അടുത്തവര്‍ഷം സെലിനും ജനിമോളും വീണ്ടും വരുന്നത് വരെ!

രാജീവ്‌ .എ . കുറുപ്പ് said...

മച്ചാ ആദ്യം തേങ്ങ പിടി
((((((ട്ടോ))))))))

വായിച്ചു മനസ് നിറഞ്ഞു, പിന്നെ ചെറിയൊരു പേടിയും തോന്നി. സെലിനും മോളും ചുറ്റുവട്ടതുള്ളവര്‍ തന്നെ.

തലകെട്ടും മനോഹരം.

അഭി said...

സുമേഷ് ,
കൊള്ളാം . ഒരു അച്ഛന്റെയും ഭര്‍ത്താവിന്റെയും മാനസികാവസ്ഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു

ആശംസകള്‍

കൂതറHashimܓ said...

സങ്കടായി....ശരിക്കും
നല്ല വായന.
നന്നായിട്ടുണ്ട്... :)

എറക്കാടൻ / Erakkadan said...

അവളെ നമ്മുക്ക്‌ വരുത്താടാ....അതിനുള്ള ഒരു പണി നമ്മടെ കയ്യിൽ ഉണ്ടടാ....

ശ്രീ said...

ടച്ചിങ്ങ്... നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു,സുമേഷ്...

mini//മിനി said...

നന്നായി അവതരിപ്പിച്ചു, ആശംസകൾ,,

സന്തോഷ്‌ പല്ലശ്ശന said...

പുതിയതായി ഒന്നും പറയുന്നില്ലെങ്കിലും പരേതന്‍റെ ആന്തരിക വ്യാപാരങ്ങളെ (അങ്ങിനെയൊന്നുണ്ടാവുമൊ...) ലളിതവും ആര്‍ദ്രവുമായ ഒരു ഭാഷയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. പൊതുധാരയില്‍ സാധാരണ കാണപ്പെടുന്ന മികച്ച ഭാഷതന്നെ ഈ കഥയില്‍ സുമേഷ്‌ കൊണ്ടുവന്നിട്ടുണ്ട്‌... തട്ടും തടവുമില്ലാത്ത ഒഴുക്കോടെയുള്ള എഴുത്ത്‌.... എഴുതാന്‍ കഴിവുള്ള സുമേഷിന്‌ കൂടുതല്‍ നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

Manoraj said...

അവതരണം ഗംഭീരം സുമേഷ്‌.. കുറച്ച്‌ വായിച്ച്‌ കഴിഞ്ഞപ്പോളാണു മരിച്ചയാളാണു സംസാരിക്കുന്നതെന്ന് മനസ്സിലായത്‌. ആ ഒരു സസ്പെൻസ്‌ അൽപം കൂടി നീട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗി വരുമായിരുന്നോ എന്നൊരു തോന്നൽ.. ആത്മാക്കൾ ബ്ലോഗിൽ സംസാരിച്ചു തുടങ്ങി. ഇനി സൂക്ഷിക്കണം അല്ലേ..ഇത്തരം മികച്ച രചനകളുമായി വീണ്ടും വരിക..

raadha said...

വളരെ നന്നായിരിക്കുന്നു കഥ. നല്ല ഫ്ലോ. ആശംസകള്‍ നേരുന്നു..

അരുണ്‍ കരിമുട്ടം said...

ച്ചിരി കട്ടിയായി പോയി ട്ടോ

മുരളി I Murali Mudra said...

നിറഞ്ഞ വൈകാരികതയാണ് സുമേഷിന്റെ കഥകളുടെ പ്രത്യേകത..വായിച്ചു കഴിഞ്ഞും അല്‍പ്പനേരം മനസ്സില്‍ തങ്ങി നില്‍ക്കും..
നല്ല കഥകള്‍ ഇനിയും വരട്ടെ...ആശംസകള്‍.
ഓഫ്‌,
കമന്റ്‌ നു dedicated page തന്നെ കൊടുത്താല്‍ നന്നാവും എന്ന് തോന്നുന്നു.

വശംവദൻ said...

അവതരണം നന്നായി.

സുമേഷ് | Sumesh Menon said...

കുറുപ്പ്: ആദ്യ കമന്റിനും തേങ്ങക്കും നന്ദി. സൂക്ഷിച്ചിരുന്നോ, പലരും ചുറ്റുവട്ടത്തു തന്നെയുണ്ട്‌.. ഹ ഹ ..

അഭി : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി...

ഹാഷിം: വായനക്കും അഭിപ്രായത്തിനും നന്ദി...

ഏറക്കാടന്‍: താന്‍ നന്നാവില്ലടോ...:)

ശ്രീ: വളരെ നന്ദി ശ്രീയേട്ടന്‍...

മിനി: ടീച്ചറെ നന്ദി...

സന്തോഷ്‌ പല്ലശന: നാട്ടുകാരാ കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുമായിരിക്കുമോ , കൂടാതെ അതിന്‍റെ നിസ്സഹായാവസ്ഥ ഇവയെല്ലാമായിരുന്നു മനസ്സിലുടനീളം ഉണ്ടായിരുന്നത്. എത്രത്തോളം വിജയിച്ചു എന്നെനിക്കറിയില്ല..
എന്തു തന്നെയായാലും വിശദമായ അഭിപ്രായത്തിനും പ്രാര്‍ത്ഥനകള്‍ക്കും മനസ്സ് നിറഞ്ഞ നന്ദി. വീണ്ടും കാണാം...

സുമേഷ് | Sumesh Menon said...

മനോരാജ്: ശരിയാണ്, സസ്പെന്‍സ് അല്പം കൂടി നീട്ടാമായിരുന്നു. ചൂണ്ടിക്കാണിച്ചതിനു നന്ദി. പിന്നെ സൂക്ഷിച്ചോളൂ, ഇതൊരു തുടക്കം മാത്രം..ഹ ഹ.

രാധ: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം, വായനക്ക് നന്ദി...

അരുണ്‍ കായംകുളം: ആണോ, മനപ്പൂര്‍വമല്ലാട്ടോ.. അങ്ങിനെ ആയിപ്പോയതാ... നന്ദി.

മുരളി: വളരെ നന്ദി മുരളി വായനക്ക്. പിന്നെ മുരളി നിര്‍ദേശിച്ചത് പോലെ കമന്റിനു മറ്റൊരു പേജ് തന്നെ കൊടുത്തൂട്ടോ...

വശംവദന്‍: നന്ദി.

Suraj P Mohan said...

nice one..

കൊലകൊമ്പന്‍ said...

വീണ്ടും കടുത്തു പോയി സുമേഷേ.. കടുപ്പം തന്നെയാണല്ലോ കയ്യിലിരിപ്പ് ?

വായിച്ചു, ഇഷ്ടപ്പെട്ടു പക്ഷെ ....

Anil cheleri kumaran said...

കുഞ്ഞു വരികളിലൊരു കണ്ണീര്‍ കടല്‍.. വേറിട്ട് നില്‍ക്കുന്ന പോസ്റ്റ്. നന്നായിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

കല്ലറയില്‍ ഇരുന്ന് കാണുന്ന കാഴ്ച അതിമനോഹരമായി വരച്ചിരിക്കുന്നു സുമേഷ്‌.
മനു പറഞ്ഞതുപോലെ സസ്പ്പെന്‍സ്‌ അവസാനത്തെക്കാക്കിയിരുന്നെങ്കില്‍
വളരെ മികച്ചെനെ എന്നെനിക്കും തോന്നി.
സെലിന്റെയും മോളുടെയും കഥ പറയുമ്പോള്‍
വായിക്കാന്‍ അല്പം പോലും മടി തോന്നാത്ത
ഒഴുക്ക് നന്നായി....

വിനുവേട്ടന്‍ said...

മനസ്സില്‍ തട്ടുന്ന ഒരു കഥ വീണ്ടും... വളരെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു സുമേഷ്‌... എഴുതാനുള്ള ഈ കഴിവ്‌ ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ... ആശംസകള്‍...

നീലത്താമര said...

മനസ്സിന്റെ ഉള്‍ക്കോണുകളില്‍ എവിടെയൊക്കെയോ വിങ്ങല്‍ പകര്‍ന്നു ഈ കഥ. നല്ല രചനാ പാടവം. ആശംസകള്‍.

vinus said...

സുമേഷേ തഴക്കം വന്ന ഒരെഴുത്ത്കാരന്റെ ഭാഷ തന്നെ പ്രത്യേകിച്ച് ആദ്യ പാരഗ്രാഫുകൾ.ഇനിയും കൂടുതൽ കഥകൾ എഴുതുക നീ കലക്കും.

ആത്മാവ് അതിന്റെ വേദന, നിസ്സഹായാവസ്ഥ വേറെ ഒന്നിലും പിടിക്കാൻ കണ്ടില്ല അല്ലേടാ രണ്ടു പെഗ്ഗ് കൂടി അടിക്കുന്ന ശീലമുണ്ടാരുന്നേ നീ മനുഷ്യനെ ഒരു വഴിക്കാക്കിയേനെ

സുമേഷ് | Sumesh Menon said...

സുരജ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദി.

കൊലകൊമ്പന്‍: ഹ ഹ... കയ്യിലിരുപ്പു ഭയങ്കരമാണെന്നു മനസ്സിലായില്ലേ? നന്ദി, എന്താണൊരു പക്ഷേ?

കുമാരന്‍: കുമാരേട്ടാ താങ്ക്യൂ..

റാംജി: അതു പിന്നീടാണ് ശ്രദ്ധിച്ചത്... ഒരു സസ്പെന്‍സ് ഉളവാക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.. നന്ദി ഈ അഭിപ്രായത്തിനു.

വിനുവേട്ടന്‍: വായനക്കും അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി.

നീലത്താമര : വളരെ നന്ദി...

വിനൂസ്: ഇനി രണ്ടു പെഗ്ഗ് കൂടി പിടിക്കാന്‍ നോക്കട്ടെ, നിങ്ങളെ ഒക്കെ ഒരു വഴിക്കാക്കിയിട്ടെ ബാക്കി കാര്യമുള്ളൂ... ഹ ഹ :)

mazhamekhangal said...

ella jeevithangalum kathirippalle?

കുട്ടന്‍ said...

മനസ്സില്‍ തട്ടിയുള്ള എഴുത്ത് .........ആശംസകള്‍

jyo.mds said...

touching-സെലിന്‍ ഒരു പുതിയ ജീവിതം തുടങ്ങാന്‍ ആശംസിക്കുന്നു

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

nannayirikkunnu..

ഭായി said...

ശ്ശെ...വായിക്കണ്ടാ എന്ന് തോന്നിപ്പോയി അവസാനം!

അങിനെ തോന്നിപ്പിച്ചതിന്റെ ക്രഡിറ്റ് സുമേഷിനുതന്നെയാണ്!

ബസ്സില്‍ കയറി വിറ്റടിക്കുന്ന ആ സുമേഷ് തന്നെയാണോ ഈ സുമേഷ്?!! വിശ്വസിക്കാന്‍ പറ്റുന്നില്ല...

ഭായി said...

ആക്ചൊലി കുറുപ്പ് കുപ്പിയല്ലേ പൊട്ടിക്കേണ്ടത്?!!!തേങയല്ലല്ലോ സുമേഷ്?!!

സുമേഷ് | Sumesh Menon said...

മഴമേഘങ്ങള്‍ : കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. അതെ ചേച്ചി, എല്ലാം ഒരു കാത്തിരിപ്പാണ്.. നന്ദി അഭിപ്രായത്തിനു..

കുട്ടന്‍: നന്ദി..

ജ്യോ: വളരെ നന്ദി വായനക്ക്.

കിഷോര്‍ലാല്‍ പറക്കാട്ട് : കരിമ്പനക്കാറ്റിലേക്ക് സ്വാഗതം കിഷോര്‍.. നന്ദി വായനക്ക്..

ഭായി: ഡാങ്ക്സ് ട്ടാ.. ബസില്‍ അന്തമാതിരി.. ഇങ്കെ ഇന്തമാതിരി.. അത് താന്‍ സുമേഷ്‌...ബു ഹ ഹ. പിന്നെ കുറുപ്പിന് കുപ്പി പൊട്ടിക്കണ മുന്‍പ് തേങ്ങയടിക്കണ സ്വഭാവമുണ്ട്.. അതാ...

Sirjan said...

super duper story..

Half-Blood Geek said...
This comment has been removed by the author.
Half-Blood Geek said...

നന്നായിട്ടുണ്ട് സുമേഷേട്ടാ...
ആയുഷ്കാലം സിനിമ താങ്കളുടെ ഈ രചനയെ സ്വാധീനിച്ചിട്ടുണ്ടോ എന്നൊരു സംശയം!

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകിപ്പോയി.

മരിച്ചയാള്‍ക്കു മനസ്സുണ്ടോ, അറിയില്ല. ഉണ്ടായിരുന്നെങ്കില്‍, അയാളുടെ മനസ്സിലെ ചിന്തകള്‍ ഇതു തന്നെ ആയിരിക്കും

സുമേഷ് | Sumesh Menon said...

Ragz: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. സംശയം ഒരു പരിധിവരെ ശരിയാണ്. ട്വിസ്റ്റ്‌ കിട്ടിയിത് അതില്‍ നിന്ന് തന്നെയാണ്..
നന്ദി, വായനക്കും അഭിപ്രായത്തിനും.. വീണ്ടും കാണാം..

സുമേഷ് | Sumesh Menon said...

എഴുത്തുകാരി: ചേച്ചി, വൈകിയാലും വന്നതില്‍ സന്തോഷം.. നന്ദി ഈ വായനക്ക്...

Jishad Cronic said...

കൊള്ളാം .. .

സുമേഷ് | Sumesh Menon said...

സിര്‍ജാന്‍: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി വായനക്ക്...

ജിഷാദ് : സ്വാഗതം, നന്ദി...

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayirikkunnu... ellaa vidha nanmakalum nerunnu.........