Tuesday, December 1, 2009

മഴ നനഞ്ഞൊരു ഓര്‍മ്മച്ചിത്രം











മഴ, പേരില്‍ തന്നെ മനോഹര വര്‍ണ്ണങ്ങള്‍ വിരിയുന്ന പ്രകൃതിയുടെ വിസ്മയം. പ്രകൃതി ഒത്തിരി വിഷമങ്ങളും വേദനകളും ഉള്ളിലൊതുക്കി അവസാനം ഒരു ദിവസം മനസ്സിന്‍റെ ഭാരം മുഴുവനും കരഞ്ഞു തീര്‍ക്കുന്നതാവും ഈ മഴയെന്നു ഞാന്‍ വിചാരിച്ചിരുന്നു.


അങ്ങുദൂരെ കേരളത്തില്‍ കര്‍ക്കിടകം കൊട്ടിപ്പെയ്യുന്നു. മഴയുടെ ഒരു നേര്‍ത്ത സ്പര്‍ശം എന്നിലെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുമ്പോള്‍, മഴത്തുള്ളികള്‍ വീണു നനഞ്ഞ പുതുമണ്ണിന്‍റെ നനുത്തഗന്ധം ഓര്‍മ്മയില്‍ വരുന്നു.




പച്ചിലത്തുമ്പിലെ മഴത്തുള്ളികളെ കുലുക്കി ഉതിര്‍ത്തു, മഴവെള്ളം നിറഞ്ഞ ഇടവഴിയിലൂടെ സ്കൂളിലേക്ക് പോയ കുട്ടിക്കാലം. ഇറവെള്ളത്തില്‍ സ്ലെയിറ്റ് നനച്ച് മുറിപ്പെന്‍സില്‍ കൊണ്ട് അക്ഷരം കുറിച്ച കാലം. അമ്പലനടയില്‍ ജീര്‍ണിച്ച ആല്‍മരത്തിന്‍ പടികളിരുന്നു ചരല്‍ക്കൂനകളിലേക്ക് പെയ്തിറങ്ങുന്ന മഴയെ നോക്കി ബാല്യത്തിന്‍റെ നിഷ്ക്കളങ്കത ഓര്‍ത്തിരിക്കാന്‍ എന്തൊരു രസമായിരുന്നു. ഇടിഞ്ഞുവീഴാറായ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്കു പതിക്കുന്ന വെള്ളതുള്ളികളെ കൈകളില്‍ പടര്‍ത്തി കൂട്ടുകാരിയുടെ മുഖത്തേക്ക് തെറിപ്പിക്കുമ്പോള്‍, ആ നനവിലുണ്ടാകുന്ന ചിരിയില്‍ ഓര്‍മ്മകള്‍ നിറയുന്നു. മഴയില്‍ക്കുളിച്ചെത്തുന്ന പകലില്‍ ചോരുന്ന ക്ലാസ്സ്മുറികളില്‍ എവിടെയോ എന്‍റെ ബാല്യം പെയ്തൊഴിഞ്ഞു.


മഴ കുട്ടിക്കാലത്ത് കടലാസുതോണിയായി, കൌമാരത്തില്‍ പ്രണയമായി, യൌവ്വനത്തില്‍ വേര്‍തിരിക്കാനാവാത്ത ഒരു വികാരമായി പിന്നെ ഞാന്‍ തന്നെയായി മാറിയ എന്‍റെ മഴ. മഴചാറ്റലുകളേറ്റുവാങ്ങി പിന്നിലൂടോടിവന്നെന്‍റെ കുടക്കീഴില്‍ അഭയം തേടിയ എന്‍റെ പ്രിയസുഹൃത്തും എന്‍റെ മഴക്കാല ഓര്‍മ്മയായി മാറിയിരിക്കുന്നു.


വേദനയായി, ഒരു തലോടലായി, എന്‍റെ കരച്ചിലില്‍ ഒരു സാന്ത്വനമായി, ഇടയ്ക്കെപ്പോഴോ എല്ലാ വികാരവും ഏറ്റുവാങ്ങി ഉറഞ്ഞുതുള്ളി, പേടിപ്പെടുത്തുന്ന രൂപത്തില്‍ മഴ, അതു എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.


കത്തുന്ന വേനലിന്‍റെ മാറില്‍ കുളിരായി മഴയെത്തുമ്പോള്‍ ആശ്വാസവും ആശങ്കയും ഒരുമിച്ചെത്തിയിരുന്നു മനസ്സില്‍. തുള്ളിക്കൊരുകുടം കണക്കെ മഴ പെയ്യുമ്പോള്‍ വറ്റിവരണ്ട തോടുകളും, പുഴകളും, കുളങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട ജീവന്‍ വീണ്ടെടുക്കുന്നു. നടക്കുമ്പോള്‍ ആ പഴയ റബ്ബര്‍ ചെരുപ്പിന്‍റെ ചുവട്ടില്‍ നിന്നും കുപ്പായത്തിലേക്ക് തെറിച്ചുവീണ ആ മഴത്തുള്ളികളെ ഇന്നും ഞാന്‍ സ്നേഹിക്കുന്നു.


മഴയെ സ്നേഹിച്ചു നടന്ന ഞാന്‍, ഇന്ന് മരുഭൂമിയിലാണ്‌. കൊടുംചൂടിനിടയ്ക്കും ഒരു തലോടലായി എന്‍റെ മനസ്സിലേക്കോടി വരുന്നത് എന്‍റെ നാടും അവിടെ പെയ്യുന്ന മഴയുമാണ്. കരകവിഞ്ഞൊഴുകുന്ന പുഴയില്‍ കാറ്റുവീശുമ്പോഴുണ്ടാകുന്ന മഞ്ഞുപോലെ പടര്‍ന്നുപോകുന്ന ഓര്‍മ്മകള്‍...


ഓര്‍മ്മകളെ മരിക്കാതിരിക്കുക...!!

9 comments:

സുമേഷ് | Sumesh Menon said...

സുഹൃത്തുക്കളെ,

ഗൃഹാതുരത്വം അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എന്നെ പിടിച്ചു നനച്ച ഒരു ദുര്‍ബല നിമിഷത്തില്‍ പറ്റിയ ഒരബദ്ധം ആണിത്. അതു ഇവിടെ പോസ്റ്റുന്നു.

നന്ദി..

രാജീവ്‌ .എ . കുറുപ്പ് said...

തേങ്ങ എന്റെ വക
((((((ട്ടോ)))))))
നന്നായിട്ടുണ്ട്, ചിത്രവും എഴുത്തും മനോഹരം.

Unknown said...

Aliya Super!!!!!!!!!!!!!!! Iniyum ithupolulla article pratheeshikkunnu. Verumoru blog aakki e article kalayaruthu. save cheythu vekkanam... pinneedu aavasyam varum.

Unknown said...

valare nannayittunde, oru nostalgic feel konduvaran sumeshine ee blogilude kazhinju, mazhaye kuruche ithilum kuduthal njan pratheekshichirunnu, valare experience ulla oru kalakarante manasilulla mazhaye kuruchulla sankalpamane sumesh evide nannayi ezhuthiyathe, ithupolulla article inyum pratheekshikkunnu, very good keep it up.




Thanks


Pramod

സുമേഷ് | Sumesh Menon said...

രാജീവേട്ടാ നന്ദി..
രതീഷ്‌: താങ്ക്സ് ഡാ..
പ്രമോദ്: നന്ദി

Anil cheleri kumaran said...

കൌമാരത്തില്‍ പ്രണയമായി, യൌവ്വനത്തില്‍ വേര്‍തിരിക്കാനാവാത്ത ഒരു വികാരമായി പിന്നെ ഞാന്‍ തന്നെയായി മാറിയ എന്‍റെ മഴ. മഴചാറ്റലുകളേറ്റുവാങ്ങി പിന്നിലൂടോടിവന്നെന്‍റെ കുടക്കീഴില്‍ അഭയം തേടിയ എന്‍റെ പ്രിയസുഹൃത്തും എന്‍റെ മഴക്കാല ഓര്‍മ്മയായി മാറിയിരിക്കുന്നു.

നന്നായി എഴുതി... നൊസ്റ്റാള്‍ജിക്.

ശ്രീ said...

നന്നായിട്ടുണ്ട് എഴുത്ത്.

ഓര്‍മ്മകള്‍ മരിയ്ക്കാതിരിയ്ക്കട്ടെ!

സുമേഷ് | Sumesh Menon said...

കുമാരേട്ടന്‍, ശ്രീയേട്ടന്‍: വളരെ നന്ദിയുണ്ട് ഈ പോസ്റ്റ്‌ ധന്യമാക്കിയതില്‍

SAJAN S said...

:)