Thursday, February 18, 2010

ടെസ്റ്റ്‌ പോസിറ്റീവ്

റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനാല്‍ , താനൊരു ഗര്‍ഭിണി ആയിരുന്നു എന്ന് അറിഞ്ഞ രാത്രിയില്‍ ശ്രീമതി നീനാ രാകേഷ് തീര്‍ത്തും അസ്വസ്ഥയായിരുന്നു. താനൊരു മാതാവാകുവാന്‍ പോകുന്നു എന്ന റൊമാന്റിക് ആഹ്ലാദത്തിനു പകരം നീനാ രാകേഷിന്റെ മനസ്സില്‍ കനത്തുനിന്നത് താന്‍ എന്തെല്ലാമോവിധത്തില്‍ ബന്ധനസ്ഥയാവുകയാണ് എന്ന ഐഡിയോളജിക്കല്‍ ആകുലതയാണ്. എങ്ങിനെ ആകുലപ്പെടാതിരിക്കും. ജീവിതം ബഹുവിധമായ തിരക്കുകളാലും ഉത്തരവാദിത്ത്വങ്ങളാലും നിബിഡവും സജീവവുമായിരിക്കുന്ന ഈ സാഹചര്യത്തില്‍ , ഇനിയൊരു എട്ടര മാസത്തെ ഗര്‍ഭരക്ഷയും, തുടര്‍ന്നു അനേകവര്‍ഷങ്ങളിലെ ശിശുപരിരക്ഷയുമൊക്കെ വല്ലാത്ത ബദ്ധപ്പാട് തന്നെ. കര്‍മ്മനിരതമാകേണ്ട യൗവ്വനം അങ്ങനെയങ്ങു പാഴായിപോവുകയും ചെയ്യും. അതുകൊണ്ട് ശ്രീമതി നീനാ രാകേഷ് തന്റെ ഭര്‍ത്താവിന്റെ നേര്‍ക്ക്‌ ഇങ്ങിനെ വേവലാതിപ്പെട്ടു.

"വേണ്ട, നമ്മളെപ്പോലെ തിരക്കുപിടിച്ചവര്‍ക്ക് പറ്റിയ ഏര്‍പ്പാടൊന്നുമല്ല ഇത്". ശ്രീമാന്‍ രാകേഷും ഇതേ വേവലാതികളില്‍ തന്നെയായിരുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടാവുക, വളര്‍ത്തുക, അവരുടെ ശൈശവലീലകള്‍ കണ്ടാനന്ദിക്കുക, ഇതൊക്കെ മനുഷ്യസഹജമായ അഭിനിവേശങ്ങള്‍ തന്നെ. പക്ഷേ എതൊരാള്‍ക്കുമുണ്ടാവുമല്ലോ സ്വന്തം വ്യക്തിത്വം. വ്യക്തിത്വത്തേയും, കരിയറിനെയും സംബന്ധിച്ച സ്വീകാര്യമായ ചില താല്‍പ്പര്യങ്ങളും.

വിവാഹത്തിന്റെ ആദര്‍ശനിര്‍ഭരമായ ആദ്യദിനങ്ങളില്‍ത്തന്നെ അവളും ഞാനും ഇത്തരം ചില ധാരണകളില്‍ എത്തിയതുമാണ്. പ്രസവിക്കുക, കുട്ടികളെ വളര്‍ത്തുക അതൊക്കെ വല്ലാത്ത പൊല്ലാപ്പാണ്. അതിനൊന്നും എന്നെ നിര്‍ബന്ധിക്കരുത്. എന്‍റെ കരിയര്‍ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു കളിയും എനിക്ക് വയ്യ. പ്രായം മുപ്പത്താറെയായിട്ടുള്ളൂവെങ്കിലും സബ്കളക്ടരുടെ പദവിയിലാണ് ശ്രീമതിയുടെ ഇരുപ്പ്. തന്റെ ഭാര്യ ഒരു അബോര്‍ഷനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന വെളിപാട് ഉണ്ടായപ്പോള്‍ രാകേഷിനു അവ്യക്തമായ ചില പരാമര്‍ശങ്ങള്‍ മനസ്സില്‍ വന്നു നിറഞ്ഞു. മനുഷ്യന്‍ ഒരു ജീവിതന്നെയാണല്ലോ, എല്ലാ രക്ഷിതാക്കളും മോഹിക്കുന്നതുപോലെ വയസ്സുകാലത്ത് താങ്ങാനൊരു കയ്യുമാകും, ഇത്തരം ചില മോഹവിചാരങ്ങള്‍ക്ക് എങ്ങിനെ ഈ പ്രതിസന്ധി അതിജീവിക്കാമെന്ന ബേജാറുകള്‍ക്ക് ശേഷം ശ്രീമാന്‍ രാകേഷ് തന്നെ പരിഹാരം മുന്നില്‍ വച്ചു...

"കുട്ടികളെ വളര്‍ത്തുവാനുള്ള ബാദ്ധ്യത ഒഴിവാക്കാമെങ്കില്‍ പ്രസവിക്കാന്‍ വിരോധമുണ്ടോ". അബോര്‍ഷന്‍ ഏതാശുപത്രിയില്‍ വച്ചു നടത്തണമെന്ന ആലോചനയില്‍ നിന്നു പ്രശ്നത്തിന്റെ പുതിയ ഗതിമാറ്റത്തിലേക്ക് നീന പതുക്കെ തലയുയര്‍ത്തി.
"എന്നിട്ട്?"
"കുട്ടികളില്ലാത്ത ഒരു കസിന്‍ നിനക്കുണ്ടല്ലോ നാട്ടില്‍ , പ്രസവിച്ച ഉടന്‍ വല്ല നുണയും പറഞ്ഞ് കുട്ടിയെ അവരെ ഏല്‍പ്പിക്കാം. കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് അതൊരു സന്തോഷമായിരിക്കും".
 ഭര്‍ത്താവിന്റെ ഈ പദ്ധതിയില്‍ ഭാര്യ ക്ഷുഭിതയായി...
"അവര്‍ക്ക് ഒരു കുട്ടിയെ സമ്മാനിക്കുവാന്‍ വേണ്ടി ഞാന്‍ എന്തിനാണ് ഇത് ചുമക്കുന്നത്".
"മുഴുവന്‍ പറയട്ടെ ശ്രദ്ധിക്കൂ".
വലിയ എയര്‍പോര്‍ട്ട് കമ്പനിയുടെ മാനേജര്‍ കൂടിയായ രാകേഷ് തന്റെ പ്രൊജക്റ്റ്‌ തുറന്നു.
"അവന്‍ വളര്‍ന്ന് ഒരു നിലയില്‍ എത്തിക്കഴിഞ്ഞാല്‍ കുട്ടിയെ തിരിച്ച് കിട്ടണമെന്ന് പറഞ്ഞ് നമുക്ക് ഇടപെടാം".
പക്ഷേ ഭാര്യ ആശങ്കിച്ചു !
"പത്തു പതിനഞ്ചു വര്‍ഷം വളര്‍ത്തിയ കുട്ടിയെ വിട്ടുതരുവാന്‍ അവര്‍ സമ്മതിക്കുമോ?"
"അതിനല്ലേ ഈ നാട്ടില്‍ കോടതിയുള്ളത്"
"കുട്ടി നമ്മുടെയല്ലെന്നു അവര്‍ വാദിച്ചാലോ?"
"അതിനല്ലേ ഡി.എന്‍.എ.ടെസ്റ്റ്‌ എന്നൊരു ഏര്‍പ്പാട് കണ്ടു പിടിച്ചു വച്ചിരിക്കുന്നത്. ഈ ഡി.എന്‍.എ.ആണ് പ്രധാനം. അല്ലാതെ വളര്‍ത്തുന്നതൊന്നുമല്ല. ഈ തെളിവ് വെച്ച് കോടതി കുട്ടിയെ നമുക്ക് വിട്ടു തരുന്നു".
"ഉവ്വോ!"
ശാസ്ത്രം എത്ര പുരോഗമിച്ചിരിക്കുന്നു. എന്നൊരു ആത്മഗതത്തിന് ശേഷം ബാക്കിയുണ്ടായിരുന്ന ഒരു ആശങ്ക കൂടി ഭര്‍തൃപക്ഷം ഉണര്‍ത്തിച്ചു.
"കോടതി വിധിച്ചാലും അവന്‍ നമ്മുടെ കൂടെ വരുവാന്‍ തയ്യാറായില്ലെങ്കിലോ"
വലിയ പൊട്ടിച്ചിരിയായിരുന്നു അതിനുള്ള പ്രതികരണം. ആ പൊട്ടിച്ചിരി താഴ്ന്ന് സമനിലയിലെതിയപ്പോള്‍ അയാള്‍ തന്റെ നൂതനമായ ലോകവീക്ഷണം ഇങ്ങനെ അവതരിപ്പിച്ചു.
"ലക്ഷക്കണക്കിന്‌ സ്വത്തിന്റെ അവകാശിയാകാമെന്നുണ്ടെങ്കില്‍ എതവനാ വരാത്തത്?"
"പേടിക്കേണ്ട, പേടിക്കേണ്ട, കോടതിവിധി വരും മുമ്പേ അവന്‍ നമ്മുടെ പുറകെവരും, അങ്ങനത്തെ കാലമാണിത്"

ആശ്വാസമായി. എത്ര എളുപ്പത്തിലാണ് പരിഹാരമുണ്ടായത്. ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ അസ്വസ്ഥകളെ കുടിയിറക്കിവിട്ട് ശ്രീമതി നീനാ രാകേഷ് ഉറങ്ങാന്‍ കിടന്നു. ഒപ്പം അവളുടെ ഉള്ളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തങ്ങള്‍ക്കു വേണ്ടാത്ത കുട്ടിയും..

Sunday, February 7, 2010

കുറുന്തോട്ടി

നേരം വെളുത്തു തുടങ്ങി. സൂര്യന്‍ പടിഞ്ഞാട്ട് ഇടംകണ്ണിട്ട് ഭൂമിയിലേക്ക്‌ നോക്കി. എങ്ങും കിളികളുടെ കൊഞ്ചലുകള്‍. അത്തിമരത്തിന്മേല്‍ ചുറ്റിക്കിടക്കുന്ന മുല്ലവള്ളികള്‍ മുല്ലപ്പൂവിരിച്ചു പ്രകാശം പരത്തി നില്‍ക്കുന്നു. ഇവയോടെല്ലാം കിന്നാരം പറഞ്ഞു വൃശ്ചികമാസത്തിലെ തണുത്ത കാറ്റ്. ചന്ദ്രികയുടെ വീട്ടിലെ കോഴി ഉറക്കെ കൂവിക്കൊണ്ട് നേരം വെളുത്തത്തിന്റെ സന്തോഷം അറിയിച്ചു. "അമ്മേ നാരായണ" എന്നുള്ള വിളിയോടെ വാസു വൈദ്യര്‍ പതുക്കെ കട്ടിലില്‍ നിന്നുമെഴുന്നേറ്റു. തോര്‍ത്ത്‌ എടുത്തു ശിവക്ഷേത്രത്തിലേക്ക് നടന്നു. മുറ്റമടിച്ചു നിന്നിരുന്ന വാസന്തി വാസുവൈദ്യരെ കണ്ടപ്പോള്‍ പതുക്കെ തലയുയര്‍ത്തി. "വാസുവേട്ടാ മോന് ദീനം. ഇന്നലെ തുടങ്ങിയതാ; ഒരു പോള കണ്ണടച്ചിട്ടില്ല". നീ മോനെയും കൂട്ടി വീട്ടിലേക്കു വരൂ... ഭാസ്ക്കരന് ലീവ് കിട്ടിയോ? ഇനി ആറുമാസം കഴിയാണ്ട് ലീവ് കിട്ടില്ലാത്രേ! എല്ലാം ഈശ്വരനിശ്ചയം. വാസന്തിയുടെ ഭര്‍ത്താവ് പട്ടാളത്തിലാണ്. കഴിഞ്ഞ തവണ ലീവിന് വന്നു ഒരു ദിവസം കഴിയുന്നതിനു മുന്‍പ് തിരിച്ചു വിളിച്ചു.

വാസു വൈദ്യര്‍ക്ക് വയസ്സ് എഴുപതായി, ഇപ്പോഴും ആരോഗ്യവാന്‍. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ശിവക്ഷേത്രത്തില്‍ പോയി കുളിച്ചു തൊഴുത്‌ മൂലപ്പീടികയില്‍ നിന്ന് ചായയും കുടിച്ചു വീടിന്റെ പടിക്കലേനിന്നു വിളി തുടങ്ങും.

"രാധാമണീ..."

ഈ വിളി കേട്ടാല്‍ രാധാമണി എവിടെയായാലും ഓടിയെത്തും. രാധാമണി വാസു വൈദ്യരുടെ അകന്ന ബന്ധത്തിലെ കുട്ടിയാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റയ്ക്കായ രാധാമണിയെ വാസു വൈദ്യര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോന്നു. വാസു വൈദ്യര്‍ക്കു വളരെ സഹായവുമായി.

വാസു വൈദ്യര്‍ രാധാമണിയോട് "നീ കുറുന്തോട്ടി പറിച്ചുവോ മോളെ...?"

"ഇല്ല, ഇപ്പോള്‍ പറിച്ചുകൊണ്ടുവരാം. ഇനി ശങ്കരന്റെ പറമ്പില്‍ ഒരു കട കൂടിയേ ബാക്കിയുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ വാസുമാമ വേറെ എന്തെങ്കിലും കൊണ്ട് ചികിത്സ തുടങ്ങേണ്ടിവരും." വാസു വൈദ്യര്‍ അല്പനിമിഷം ചിന്തിച്ചുകൊണ്ട്‌ വിഷമത്തോടുകൂടി പറഞ്ഞു. "അന്ന് ഞാന്‍ ചികിത്സ നിര്‍ത്തിയെന്ന് നീ കൂട്ടിക്കോളൂ..."

രാധാമണി ശങ്കരന്റെ പറമ്പിലേക്കോടി. വാസു വൈദ്യര്‍ ഉമ്മറത്തിരുന്ന ചാരുകസേരയിലേക്കും. ആ ഗ്രാമത്തില്‍ ആര്‍ക്കും എന്തസുഖം വന്നാലും ആദ്യം എത്തുക വാസു വൈദ്യരുടെ അടുത്തായിരിക്കും. വൈദ്യം ഒന്നും പഠിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഒറ്റമൂലി ചികിത്സ അവിടത്തെ പാവങ്ങള്‍ക്കെല്ലാം ഒരനുഗ്രഹമായിരുന്നു. ചികിത്സ തുടങ്ങിയ കാലത്തിനിടയ്ക്ക് ആരുടെ കയ്യില്‍ നിന്നും ഒറ്റപൈസ പോലും അദ്ദേഹം ഈടാക്കിയിട്ടില്ല.

പേരുകേട്ട തറവാടായിരുന്നു വാസു വൈദ്യരുടെ ഇല്ലിക്കല്‍ തറവാട്. വാസു വൈദ്യരുടെ അച്ഛന്റെ കാലശേഷം എല്ലാവരും അവരുടെ വീതം വാങ്ങിപ്പോയി. ചെറുപ്രായത്തിലെ ഒരു പ്രേമനൈരാശ്യം മൂലം വിവാഹം കഴിക്കാതിരുന്ന വാസു വൈദ്യര്‍ ആ വീട്ടില്‍ ഒറ്റക്കായി. അദ്ദേഹത്തിന് രാധാമണിയുടെ കാര്യത്തിലാണ് ആകെയുള്ള ദുഃഖം. അവളെ ആരുടെ കൈയ്യിലേങ്കിലും പിടിച്ചേല്‍പ്പിച്ചു വിധിക്ക് കീഴടങ്ങുമായിരുന്നു. വാസു വൈദ്യരുടെ സ്വത്തെല്ലാം അദ്ദേഹത്തിന്റെ കാലശേഷം രാധാമണിയുടെ പേരിലേക്ക് എഴുതി വച്ചിരിക്കുകയാണ്.

"വാസുമ്മാമേ..." രാധാമണിയുടെ നീട്ടിയുള്ള വിളി. "ശങ്കരന്റെ പറമ്പിലെ അവസാനത്തെ കുറുന്തോട്ടി. ഇനി ഈ നാട്ടിലെ ഒരുസ്ഥലത്ത്പോലും ഒറ്റ കുറുന്തോട്ടിക്കടപോലുമില്ല." വൃശ്ചികമാസത്തിലെ തണുത്തകാറ്റ് പൊടി പറപ്പിച്ചുകൊണ്ട് കടന്നുപോയി. "അമ്മാമയ്ക്ക് മുറിയിലൊന്നു പോയി കിടന്നുകൂടെ? പൊടിക്കാറ്റത്ത് കിടന്നു അസുഖങ്ങള്‍ എന്തെങ്കിലും വരുത്തിവെച്ചാ..." വാസു വൈദ്യര്‍ ശാന്തമായി ഉറങ്ങുകയാണ്. ഒരു ഭാവ വിത്യാസവുമില്ലാതെ. ഇനി ഒരിക്കലും എഴുന്നേല്‍ക്കാത്ത ഉറക്കത്തിലേക്കു അദ്ദേഹം വീണുപോയി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നമുക്ക് നല്‍കിയ പല സസ്യലതാദികളും ഇന്ന് ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്, കൂടെ വാസു വൈദ്യരും കുറുന്തോട്ടിയും...