ഇതൊരു യാത്രാകുറിപ്പ്:
പരസ്യകലയെക്കുറിച്ച് തീക്ഷ്ണമായി പഠിക്കാന്‍ പണ്ടെങ്ങോ മദ്രാസിനു പോയതിന്റെ ഒരനുസ്മരണം.....ട്രെയിനിലായിരുന്നു യാത്ര. മുകളിലത്തെ ബര്‍ത്തില്‍ നേരത്തെ തന്നെ ഇടം പിടിച്ചു. മുകളിലാവുമ്പോള്‍ താഴെ നടക്കുന്നത് എല്ലാം വള്ളിപുള്ളി വിടാതെ വീക്ഷിക്കാമല്ലോ...
ട്രെയിന്‍ കോയമ്പത്തൂര്‍ വിട്ടുകാണും.
എവിടെ നിന്നെന്നറിയില്ല ഒരു കൊച്ചു പാവാടക്കാരി കമ്പാര്‍ട്ട്മെന്റില്‍ പ്രത്യക്ഷപെട്ടു. മുഷിഞ്ഞുകീറിപ്പറിഞ്ഞ വേഷം. ഏറിയാല്‍ അഞ്ചുവയസ്സ്...

വലം കയ്യില്‍ ഭദ്രമായി പിടിച്ച ബിസ്കറ്റ് കഷണവും പാവാടയുടെ മടക്കിപിടിച്ച അറ്റവും... പാവാടയില്‍ നിറയെ ചില്ലറ തുട്ടുകള്‍ കിലുങ്ങുന്നു. പാടി പാടി അവള് കമ്പാര്‍ട്ട്മെന്റിന്റെ അങ്ങേത്തലക്കല്‍ എത്തുംവരെ ഞാന്‍ അവളെ കണ്ണുകളെ കൊണ്ടു പിന്തുടര്ന്നു....
പാടുന്നതിനിടയില്‍ പലപ്പോഴും തനിക്കുകിട്ടിയ ബിസ്കറ്റ് അവള് തിരിച്ചും മറിച്ചും നോക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിക്കിടന്നു. ഇടക്കൊക്കെ ബിസ്കറ്റ് മണത്തുനോക്കുന്നതും കണ്ടു...
എന്താ അവള് ബിസ്കറ്റ് കഴിക്കാത്തത് എന്ന എന്റെ ജിജ്ഞാസയ്ക്ക് വിരാമമിട്ടുകൊണ്ട് അവള്, അവിടെ വാതിലിനോടു ചേര്‍ന്നിരുന്ന ഒരു ചെറുപ്പക്കാരിയുടെ മടിയിലേക്ക് എടുത്തുചാടി. അത്രയും സ്വാതന്ത്ര്യത്തോടെ അവള് പെരുമാറുന്നത് കണ്ടപ്പോള്‍ ഒന്നുറച്ചു. ആ സ്ത്രീ അവളുടെ അമ്മ തന്നെ. ആ സ്ത്രീ അവളുടെ കൊച്ചു മുഖത്തും ജടപിടിച്ച മുടിയിഴകളിലും വിരലുകളോടിച്ചു...
ഒന്നും സംഭവിക്കാതെ കുഞ്ഞ് തിരിച്ചെത്തിയതിലെ ചാരിതാര്‍ത്ഥ്യം ആ മുഖത്തുണ്ട്. ഒടുവില്‍ ആ സുന്ദര മുഹൂര്ത്തത്തിനു ഞാന്‍ ദൃക്സാക്ഷിയായി. അമ്മയുടെ മടിയില്‍ കിടന്നുകൊണ്ടുതന്നെ ആ കൊച്ചു പാട്ടുകാരി, താന്‍ ഇതുവരെ നിധിപോലെ സൂക്ഷിച്ചിരുന്ന ബിസ്കറ്റ് കഷണം പാതി മുറിച്ചു അമ്മയുടെ വായില്‍ വച്ചുകൊടുക്കുന്നു. കുഞ്ഞിന്റെ ഈ കൊച്ചു സ്നേഹപ്രകടനത്തില്‍ തന്നെ ഒരുപാടു മധുരിച്ച ആ അമ്മ തനിക്ക് നല്കിയ ആ ബിസ്കറ്റ് കഷണം അതേപോലെ ആ കുഞ്ഞുവായില് വച്ചുകൊടുത്തു. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. അവര്‍ക്ക് കാഴ്ച്ചശക്തിയില്ലായിരുന്നു...
അതുകൊണ്ടുതന്നെ ആയിരിക്കണം ആ അഞ്ചുവയസ്സുകാരി ഇത്രമാത്രം അമ്മയെ സ്നേഹിക്കുന്നത്.. ആണോ?
ഈ പരസ്പരമുള്ള സ്നേഹപ്രകടനം എന്റെ കണ്ണുകളില്‍ നനവ് പടര്‍ത്തി...
ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തു.
ചെയ്യാന്‍ മറന്ന പലതും ഓര്‍ത്തു.
അങ്ങിനെ ആ അഞ്ചുവയസ്സുകാരി എന്റെ ഗുരുവായി...
സ്നേഹിക്കാന്‍ പഠിപ്പിച്ച എന്റെ ഗുരു...